മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ രാജ്യാന്തര ഫുട്ബോളറും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു ഷറഫലി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും. ഷറഫലിയുടെ പേരിനാണ് മുന്‍തൂക്കമെന്നാണ് സൂചന. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫറഫലിക്ക് പുറമേ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീര്‍, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സിപിഐഎമ്മും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥി സംബന്ധിച്ച് വിവിധ തലങ്ങളില്‍ കൂടിയാലോചനകള്‍ തുടരുകയാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യുഡിഎഫിലെ സ്ഥിതിഗതികളും ഇടതുമുന്നണി നിരീക്ഷിക്കുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചശേഷം അക്കാര്യം കൂടി പരിഗണിച്ചാകും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. പാലക്കാട് മാതൃകയില്‍ യുഡിഎഫില്‍ നിന്നും ആരെയെങ്കിലും ലഭിച്ചാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
നിലമ്പൂരില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു പറഞ്ഞു. അതേസമയം പാര്‍ട്ടി ചിഹ്നത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫില്‍ അന്തരിച്ച മുന്‍മന്ത്രി ആര്യാടന് മുഹമ്മദിന്റെ മകനും കെപിസിസി സെക്രട്ടറിയുമായ ആര്യാടന് ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് എതിര്‍പ്പില്ലെന്നാണ് സൂചന.