മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് പ്രചാരണത്തിന് തുടക്കം കുറിച്ചു. രാവിലെ പിതാവ് ആര്യാടന് മുഹമ്മദിന്റെ ഖബര്‍സ്ഥാനിലെത്തി പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ഷൗക്കത്ത് പ്രചാരണത്തിന് തുടക്കമിട്ടത്. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയും ഷൗക്കത്തിനൊപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പ്രാദേശിക നേതാക്കളും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
‘നിലമ്പൂര്‍ തിരിച്ച് പിടിക്കുക എന്നതായിരുന്നു എന്റെ പിതാവ് ആര്യാടന് മുഹമ്മദിന്റെ അഭിലാഷം. എന്റെ മാത്രമല്ല, നിലമ്പൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും വഴികാട്ടിയാണ് ആര്യാടന് മുഹമ്മദ്. എന്റെ പിതാവിന്റെയും വിവി പ്രകാശിന്റേയും ആഗ്രഹം പൂര്‍ത്തികരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പിതാവ് ഇല്ലാത്ത സാഹചര്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പാണിത്. അദ്ദേഹത്തിന്റെ ഓര്‍മ്മ നല്കുന്ന ശക്തിയിലാണ് ഞാന്‍ മത്സരത്തിന് ഇറങ്ങുന്നത്.’
‘ഞാനെന്നല്ല, ജോയിയോ ആരായാലും നഷ്ടപ്പെട്ട നിലമ്പൂരിനെ തിരിച്ചുപിടിക്കുക എന്ന വലിയ ആഗ്രഹം ആര്യാടന് മുഹമ്മദിന് ഉണ്ടായിരുന്നു. അതിന്റെ സഫലീകരണമാണ് ഈ തെരഞ്ഞെടുപ്പില്‍ നടക്കേണ്ടത് എന്ന് ഞങ്ങളെല്ലാം വിചാരിക്കുന്നു. അതുകൊണ്ടാണ് ഖബറടിത്തിലെത്തി അദ്ദേഹത്തോട് പ്രാര്‍ത്ഥിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചത്… ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒറ്റക്കെട്ടായി നിന്ന് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടും.’ഷൗക്കത്ത് പറഞ്ഞു.
‘ഞാനും ജോയിയുമെല്ലാം മത്സരിക്കാന്‍ യോഗ്യരാണ്. എന്നാല്‍ മത്സരിക്കാനുള്ള ദൗത്യം പാര്‍ട്ടി എന്നെ ഏല്‍പ്പിച്ചു. അത് എന്റെ യോഗ്യതക്കൂടുതല്‍ കൊണ്ടൊന്നുമല്ല. പല ഘടകങ്ങളും കണക്കിലെടുത്താകും പാര്‍ട്ടി ഓരോ തീരുമാനങ്ങളുമെടുക്കുന്നത്. ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഞങ്ങളെല്ലാം ഒരുമിച്ച്, നിലമ്പൂരിലെ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഏത് ഏറ്റെടുത്ത് മുന്നോട്ടു പോകും. വലിയ ഭൂരിപക്ഷത്തിന് നിലമ്പൂര്‍ തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങുന്നതെന്ന്’ ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിനെ ഷാള്‍ അണിയിച്ച് ആദരിച്ചു. ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഔപചാരികമായി തുടക്കം കുറിക്കുകയാണെന്ന് വി എസ് ജോയ് പറഞ്ഞു. മലബാറിന്റെയും മലപ്പുറത്തിന്റെയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുഖമായിരുന്ന, എല്ലാമെല്ലാമായിരുന്ന ആര്യാടന് മുഹമ്മദ് സാറിന്റെ ഖബറിടത്തില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതെന്ന് വി എസ് ജോയ് പറഞ്ഞു.
നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് വി എസ് ജോയ് പറഞ്ഞു. ‘നിലമ്പൂരില്‍ യുഡിഎഫിന് ജയിക്കാനുള്ള രാഷ്ട്രീയ അന്തരീക്ഷമുണ്ട്. കൈവിട്ടുപോയ ഉരുക്കുകോട്ട തിരിച്ചുപിടിക്കുക എന്നതായിരുന്നു ആര്യാടന് സാറിന്റെയും പ്രകാശേട്ടന്റെയും അന്തിമാഭിലാഷം. അതുകൊണ്ടു തന്നെ ഈ തെരഞ്ഞെടുപ്പ് നിലമ്പൂരിലെ യുഡിഎഫിനെ സംബന്ധിച്ച് വൈകാരികമായ ഒന്നാണ്. മണ്ഡലം തിരിച്ചുപിടിക്കുക എന്നത്, ഈ നേതാക്കളുടെ അന്തിമാഭിലാഷം നിറവേറ്റാനുള്ള പുണ്യ കര്‍മ്മമായിട്ടാണ് യുഡിഎഫ് കാണുന്നതെന്ന്’ വി എസ് ജോയ് പറഞ്ഞു.