മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അര്യാടന് ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥി. ഇന്ന് ചേര്‍ന്ന കെപിസിസി നേതൃ യോഗമാണ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. ചര്‍ച്ചയില്‍ ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയിയുടെ പേര് ഉയര്‍ന്നുവന്നെങ്കിലും ഷൗക്കത്തിനു തന്നെയായിരുന്നു മുന്‍ഗണന. സംസ്ഥാന നേതാക്കൾ വിഎസ് ജോയിയുമായി സംസാരിച്ചു. പാർട്ടി സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ജോയി ഉറപ്പ് നൽകിയെന്നാണ് സൂചന.
വിഎസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പിവി അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടി ആ നിര്‍ദേശം തള്ളുകയായിരുന്നു. അന്‍വറിന്റെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്ന് നേതൃത്വം തീരുമാനം കൈക്കൊണ്ടതോടെ സ്ഥാനാര്‍ഥിയായി അര്യാടന് ഷൗക്കത്ത് എന്ന ഒറ്റപ്പേര് മാത്രമാണ് ഉയര്‍ന്നുവന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥിയെ തീരുമാനിക്കട്ടെ, അപ്പോള്‍ തീരുമാനം പറയാമെന്ന് പിവി അന്‍വര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യുഡിഎഫും പി വി അന്‍വറും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് നേതാക്കള്‍ പറഞ്ഞത്. താന്‍ യുഡിഎഫിന് പുറത്താണ് എന്നല്ലേ ഇതിനര്‍ത്ഥം. പ്രതീക്ഷകള്‍ ഒന്നും വെച്ചു പുലര്‍ത്തുന്നില്ല. അതിന്റെ ആവശ്യമില്ല. എന്താണ് സംഭവിക്കുന്നത് എന്ന് നോക്കി മുന്നോട്ടു പോയാല്‍ മതിയല്ലോ. സ്ഥാനാര്‍ഥിയെ യുഡിഎഫ് തീരുമാനിക്കട്ടെയെന്നുമായിരുന്നു പിവി അന്‍വര്‍ പറഞ്ഞത്.
അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു ഷറഫലിയുടെ പേരിനാണ് മുന്‍ഗണന. നാളെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും.ഫറഫലിക്ക് പുറമേ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീര്‍, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സിപിഐഎമ്മും എല്‍ഡിഎഫും സ്ഥാനാര്‍ഥി സംബന്ധിച്ച് വിവിധ തലങ്ങളില്‍ കൂടിയാലോചനകള്‍ തുടരുകയാണ്.
ഇടതുമുന്നണി അംഗമായിരുന്ന പിവി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 19-നാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പാണിത്.