മലപ്പുറം : നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടിക അനുസരിച്ച് മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,32,384 ആണ്. 1,13,486 പുരുഷ വോട്ടര്‍മാരും 1,18,889 സ്ത്രീ വോട്ടര്‍മാരും ഒമ്പത് ട്രാന്‍സ്ജെന്‍ഡേഴ്സുമാണുള്ളത്.
പോളിങ് സ്റ്റേഷനുകളുടെ എണ്ണം 263 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. എല്ലാവര്ക്കും എളുപ്പത്തില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ആരംഭിച്ചു. മണ്ഡലത്തിലെ ലിംഗാനുപാതം 1000 പുരുഷന്മാര്ക്ക് 1048 സ്ത്രീകള്‍ എന്നതാണ്. അന്തിമ പട്ടികയില്‍ 374 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്.
ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം മുഴുവന്‍ പൂര്‍ത്തിയായിട്ടുണ്ട്. ആകെ 6082 പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയതില്‍ നിന്നും ഫീല്‍ഡ് പരിശോധനകള്‍ക്കു ശേഷം 2,210 പേരുകള്‍ നീക്കം ചെയ്തു. ജനപ്രാതിനിധ്യനിയമം 1950ലെ സെക്ഷന്‍ 24 പ്രകാരം ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫീസറുടെ ഉത്തരവിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ആവശ്യമെങ്കില്‍ വോട്ടര്‍മാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും അപ്പീല്‍ നല്കാന് കഴിയുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അന്തിമ വോട്ടര്‍പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് നിലമ്പൂര്‍ അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ എം പി സിന്ധു കൈമാറി.