കൊച്ചി : ശബരിമല മണ്ഡലം- മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍- പമ്പ ഷട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ വേണമെന്ന് ഹൈക്കോടതി. കഴിഞ്ഞവര്‍ഷം കണ്ടക്ടര്‍ ഇല്ലാതെയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഇത് ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് ജി ഗിരീഷും അടങ്ങിയ ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
കണ്ടക്ടറില്ലെങ്കില്‍ ഭക്തജനങ്ങള്‍ക്ക് ക്യൂ നിന്ന് ടിക്കറ്റ് എടുത്തശേഷമേ ബസില്‍ കയറാന്‍ കഴിയുമായിരുന്നുള്ളൂ. ഇത് തിക്കിനും തിരക്കിനും കാരണമായിരുന്നു. പമ്പയില്‍ ത്രിവേണി ജംഗ്ഷനില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാനും നിലയ്ക്കല്‍ മുതല്‍ പമ്പ വരെ വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴികള്‍ നികത്താനും കോടതി നിര്‍ദേശം നല്കി.