ആലപ്പുഴ: വ്യാജ ഡിഗ്രിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് സുഹൃത്തായ എസ്എഫ്ഐ കായംകുളം മുന്‍ ഏരിയാ പ്രസിഡന്റ് അബിന്‍.സി.രാജാണെന്ന നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെയും പൊലീസ് പ്രതി ചേർക്കും. മാലിദ്വീപിൽ ജോലി ചെയ്യുന്ന അബിനെ ഉടൻ നാട്ടിലെത്തിക്കുമെന്ന് കായംകുളം ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.
2020ല്‍ കൊച്ചിയിലെ ഒരു മാന്‍ പവര്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയാണ് കലിംഗ സർവകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയാറാക്കി തന്നത്. ഇതിനായി രണ്ട് ലക്ഷം രൂപ ചെലവഴിച്ചു. ഏജന്‍സിയെ തനിക്ക് പരിചയപ്പെടുത്തിയത് അബിനാണ്. ഇയാള്‍ ഇപ്പോള്‍ മാലി ദ്വീപിലാണെന്നും നിഖില്‍ മൊഴി നല്കി. എന്നാൽ നിഖിൽ പറയുന്ന കാര്യങ്ങൾ പൂർണമായും വിശ്വസിക്കാൻ സാധിച്ചിട്ടില്ലെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. അഞ്ച് ദിവസമായി ഒളിവില്‍ കഴിഞ്ഞ നിഖിലിനെ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. നിഖിലിനെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.