തിരുവനന്തപുരം: കായംകുളം എം.എസ്.എം കോളേജിൽ ബികോമിന് തോറ്റ എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസ് ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായി എംകോമിന് പ്രവേശനം നേടിയതിൽ കോളേജ് അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് കേരള സർവകലാശാല.
വിദ്യാർത്ഥിയെ അദ്ധ്യാപകർ തിരിച്ചറിഞ്ഞില്ലെന്നത് ഗൗരവകരമാണ്. പ്രിൻസിപ്പലിനും കോമേഴ്സ് വകുപ്പ് മേധാവിക്കും എതിരേ നടപടിയെടുക്കും. മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. മറുപടി ലഭിച്ച ശേഷം ഇരുവരെയും നീക്കാൻ കോളേജിനോട് ആവശ്യപ്പെടും.
കേരള സർവകലാശാലയിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ടിസി, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം വ്യാജമാണെന്ന് കലിംഗ സർവകലാശാലാ രജിസ്ട്രാർ അറിയിച്ചിരുന്നു. വ്യാജ സർട്ടിഫിക്കറ്റിൽ പ്രവേശനം നേടിയത് സർവകലാശാലയുടെ അന്തസ് ഇടിച്ചെന്നാണ് രജിസ്ട്രാറുടെ റിപ്പോർട്ട്. നിഖിലിന്റെ രജിസ്ട്രേഷനും നിഖിലിന് നൽകിയ തുല്യതാ സർട്ടിഫിക്കറ്റും റദ്ദാക്കിയിരുന്നു. എലിജിബിലിറ്റി സർട്ടിഫിക്കറ്റിനായി കലിംഗയിൽനിന്നുള്ള സ്കീം, സിലബസ് എന്നിവയുടെ ഓരോ പേജും സർവകലാശാലയിലെ ഒരു കോളജിന്റെ പേരിലുള്ള ടിസിയും ഹാജരാക്കിയിരുന്നു. ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തി.
നിഖിലിന്റെ വ്യാജ ബിരുദം സംബന്ധിച്ച വിവരാകാശ അപേക്ഷ മാസങ്ങൾക്കു മുൻപ് കോളേജിൽ ലഭിച്ചെങ്കിലും അധികൃതർ മറച്ചുവച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു മുൻ സിൻഡിക്കേറ്റംഗത്തിന്റെ ശുപാർശയിലാണ് കോളേജ് യൂണിയൻ കൗൺസിലർ കൂടിയായായിരുന്ന നിഖിലിന് പ്രവേശനം നൽകിയതെന്ന് കോളേജ് അധികൃതർ വെളിപ്പെടുത്തിയിരുന്നു.