കോട്ടയം : പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി നിബു ജോണ്‍.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. താന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്ത എങ്ങനെ വന്നു എന്നറിയില്ല. മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ല. താനും ആരെയും സമീപിച്ചിട്ടില്ലെന്നും നിബു ജോണ്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കൊപ്പം കൂടെയുണ്ടായിരുന്നവരെല്ലാം സാറിന്റെ വിശ്വസ്തരാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നു തവണ മത്സരിച്ചതു തന്നെ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിച്ചതു കൊണ്ടാണ്. തന്റെ പേരു വന്നപ്പോള്‍ പലപ്പോഴും താന്‍ മാറി നില്‍ക്കാനാണ് ശ്രമിച്ചത്. ഇപ്പോള്‍ തന്റെ പേര് വന്നതെങ്ങനെയെന്ന് അറിയില്ല. സിപിഎം നേതാക്കളും താന്‍ ഇടതു സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ട്. നിലവില്‍ പാര്‍ട്ടിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പുതുപ്പള്ളി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുള്ളതായി അറിയില്ല. തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ ഒരു തമാശയായി മാത്രമേ കാണുന്നുള്ളൂവെന്നും നിബു ജോണ്‍ പറഞ്ഞു. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നാട്ടിലെ കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. അതാകാം തനിക്ക് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള പ്രചാരണത്തിന് കാരണമായത്. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് ഒരു പഞ്ഞവുമില്ലാത്ത നാടാണല്ലോ നമ്മുടേതെന്നും നിബു ജോണ്‍ പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമാണ് നിലവില്‍ നിബു ജോണ്‍. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഇന്നലെ രാത്രി വരെ നീണ്ട ചര്‍ച്ചയിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ അനുനയിപ്പിച്ച് നിര്‍ത്തിയതെന്നാണ് വിവരം. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ പ്രശ്നത്തില്‍ ഇടപെട്ടു. രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്