ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണക്കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള തഹാവൂര്‍ റാണയെ സഹായിച്ചയാള്‍ കൊച്ചിയില്‍ നിന്നുള്ളയാളെന്ന് റിപ്പോര്‍ട്ടുകള്‍. തഹാവൂര്‍ റാണയും കോള്മാന് ഹെഡ്ലിയും രാജ്യത്ത് എത്തിയപ്പോള്‍ ഇയാളാണ് സഹായം നല്‍കിയതെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്. തഹാവൂര്‍ റാണയെ കൊച്ചിയിലെത്തിച്ച് തെളിവെടുക്കാനുള്ള തയ്യാറെടുപ്പിലാണ് എന്‍ഐഎ.
കസ്റ്റഡിയിലെടുത്ത ഇയാള്‍ നേരത്തെ തന്നെ എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎയുടെ പ്രത്യേക അന്വേഷണസംഘമാണു റാണയെ കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയില്‍ എത്തിക്കുന്നത്. എന്‍ഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാണ്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
2008 നവംബര്‍ 16,17 തീയതികളില്‍ കൊച്ചി മറൈന്‍ഡ്രൈവിലെ താജ് റസിഡന്‍സി ഹോട്ടലില്‍ റാണ തങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആരെക്കാണാനാണു റാണ അന്നെത്തിയത്, ആരെയെല്ലാം നേരിട്ടു കണ്ടു, എന്തായിരുന്നു സന്ദര്‍ശനലക്ഷ്യം, ആരോടെല്ലാം ഈ ദിവസങ്ങളില്‍ ഫോണില്‍ ബന്ധപ്പെട്ടു തുടങ്ങിയ നിര്‍ണായക വിവരങ്ങളില്‍ വ്യക്തത വരുത്താനാണു ശ്രമിക്കുന്നത്. ഈ ദിവസങ്ങളില്‍ 13 പേരെ നേരിട്ടും അല്ലാതെയും റാണ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
റാണ കേരളത്തില്‍ മറ്റെവിടെയെങ്കിലും തങ്ങിയിരുന്നോ എന്നും ഇതിനു മുന്‍പും കേരളത്തില്‍ എത്തിയിട്ടുണ്ടോ എന്നും ഉള്‍പ്പെടെയുള്ള വിവരങ്ങളും അന്വേഷിക്കും. റാണയെയും സഹായിയെയും ചോദ്യം ചെയ്യുന്നതിലൂടെ ഈ വിവരങ്ങള്‍ പുറത്തുകൊണ്ടു വരാനാകും എന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. കൊച്ചിയില്‍ എത്തും മുന്‍പ് പ്രമുഖ ഇംഗ്ലിഷ് പത്രത്തില്‍ റാണയുടെ പേരില്‍ വിദേശ റിക്രൂട്ട്മെന്റ് പരസ്യം നല്‍കിയിരുന്നതായും ഹോട്ടല്‍ മുറിയില്‍ ഇന്റര്‍വ്യൂ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.