കൊച്ചി : കേരളത്തിൽ ഐഎസ് മാതൃകയിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ റിയാസ് അബൂബക്കറിന് 10 വർഷം കഠിനതടവ്. എറണാകുളം എൻഐഎ കോടതിയുടേതാണ് വിധി. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് കുറ്റക്കാരനെന്ന് എൻഐഎ കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
നേരത്തെ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളും ഗൂഢാലോചനക്കുറ്റവും നിലനിൽക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു. ശ്രീലങ്കൻ സ്ഫോടനപരമ്പരയ്ക്ക് നേതൃത്വം നൽകിയ സഹ്റാൻ ഹാഷിമുമായി ചേർന്ന് കേരളത്തിലും ചാവേർ ആക്രമണവും സ്ഫോടനവും നടത്താൻ റിയാസ് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും വീട്ടിലെ പരിശോധനയിൽ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും തെളിവായി ഹാജരാക്കിയിരുന്നു. സമൂഹമാധ്യമംവഴി സഹ്റാനുമായി റിയാസ് ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി.
2018 മെയ് 15നാണ് റിയാസ് അബൂബക്കറിനെ എൻഐഎ അറസ്റ്റ് ചെയ്തത്. 2016ൽ കാസർകോടുനിന്ന് ഐഎസിൽ ചേരാൻ പോയവരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഇയാൾ പിടിയിലായത്. അഫ്ഗാനിസ്ഥാനിൽ എത്തിയവരുമായി റിയാസ് ബന്ധംപുലർത്തിയതായും ഐഎസിൽ ചേർന്ന മലയാളി അബ്ദുൾ റാഷിദ് അബ്ദുല്ലയുടെ നിർദേശപ്രകാരം കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതായും കണ്ടെത്തിയിരുന്നു. സ്ഫോടകവസ്തു ശേഖരിക്കുന്നതിനിടയിലാണ് റിയാസ് പിടിയിലായത്. ഇയാൾക്കൊപ്പം പിടിയിലായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസൽ, കാസർകോട് സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നിവരെ പിന്നീട് കേസിൽ മാപ്പുസാക്ഷികളാക്കിയിരുന്നു.