കൊച്ചി: കേരളത്തില്‍ സ്ഫോടന പരമ്പര നടത്താന്‍ ഐഎസ് ഭീകരര്‍ പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി. കൊച്ചി എൻഐഎ കോടതിയുടേതാണ് വിധി. പ്രതിക്കുള്ള ശിക്ഷാവിധിയിന്മേലുള്ള വാദം വ്യാഴാഴ്ച നടക്കും.
റിയാസിനെതിരേ ചുമത്തിയ എല്ലാ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസർഗോഡ് ഐഎസ് കേസിന്റെ ഭാഗമാണ് കേസ്. 2018 മേയ് 15നാണ് പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ എന്‍ഐഎയുടെ പിടിയിലാകുന്നത്. ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേര്‍ന്ന് ഇയാള്‍ കേരളത്തില്‍ സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ വഴി ശ്രമം നടത്തിയെന്നുമാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.