ന്യൂഡൽഹി : കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. എൻസിപി നേതാവ് ബാബ സിദ്ധിഖിയുടെ കൊലപാതകത്തിൽ അൻമോലിന് പങ്കുണ്ടെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇയാളെ കണ്ടെത്തുന്നതിനുള്ള നീക്കം ഊർജിതമാക്കിയത്.
സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നിൽ ലോറൻസ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമായിരുന്നു. അദ്ദേഹത്തെ കൊല്ലാൻ ഉത്തരവിട്ടത് അൻമോൽ ബിഷ്ണോയി ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഘത്തിലെ മൂന്ന് ഷൂട്ടർമാരുമായി അൻമോൽ മെസ്സേജിങ് ആപ് വഴി ബന്ധപ്പെടുകയും നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ബാബ സിദ്ദിഖിയുടെയും മകന്റെയും ചിത്രങ്ങൾ അൻമോൽ ബിഷ്ണോയിയാണ് കൊലയാളികൾക്ക് അയച്ചുകൊടുത്തതെന്നും പൊലീസ് പറയുന്നുണ്ട്.
പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിലും അൻമോലിനെതിരെ കേസെടുത്തിട്ടുണ്ട്. 2022 മെയിലാണ് മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. പിന്നിൽ ബിഷ്ണോയി സംഘമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിന് പുറമെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
നടൻ സൽമാൻ ഖാന്റെ വീടിനുമുന്നിൽ വെടിവെപ്പ് നടത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിന് പിന്നാലെ അൻമോലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. എന്നാൽ ഇയാൾ വിദേശത്തേക്ക് കടന്നതായാണ് വിവരം.