ബംഗുളൂരു: ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയെ മലർത്തിയടിച്ച് ന്യൂസിലൻഡ്. ന്യൂസിലൻഡിന് വേണ്ടി ഡെവൺ കോൺവേ 45 (42), രചിൻ രവീന്ദ്ര 42 (34), ഡാരിൽ മിച്ചൽ 43 (31) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. തകർത്തടിച്ച ഗ്ലെൻ ഫിലിപ്സ് 17 (10) * ജയം വേഗത്തിലാക്കി. ശ്രീലങ്കയ്ക്കായി എയ്ഞ്ചലോ മാത്യൂസ് രണ്ട് വിക്കറ്റ് വീഴ്ത്തി.ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ വിജയത്തോടെ ന്യൂസിലൻഡ് സെമി പ്രതീക്ഷ സജീവമാക്കി.
നാല് വിജയങ്ങളോടെ മികച്ച പ്രകടനവുമായി ലോകകപ്പ് തുടങ്ങിയ ന്യൂസിലൻഡിന് അവസാന നാല് മത്സരങ്ങളിലെ തോൽവി സെമി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയായിരുന്നു. ശ്രീലങ്കക്കെതിരെ ജയിച്ചതോടെ 10 പോയിന്റുമായി സെമി ബർത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് ടീം. അവസാന നാലിലെത്താൻ മറ്റ് മത്സരങ്ങളുടെ ഫലങ്ങൾ ഇനി അനുകൂലമാവണം. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനോട് ഏറ്റ തോൽവിയോടെ ശ്രീലങ്കയുടെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചിരുന്നു. അവസാന മത്സരം ജയിച്ച് 2025 ലെ ചാമ്പ്യൻസ് ട്രോഫി യോഗ്യത നേടാനുള്ള ലങ്കയുടെ ലക്ഷ്യം നടന്നില്ല.ഇതോടെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും മുന്നിലെ സെമി സാധ്യത ഏറെക്കുറെ അടഞ്ഞു. അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനോട് വമ്പൻ ജയം നേടിയാലേ കണക്കിലെ കളിയിലും റൺ റേറ്റിലും പാകിസ്ഥാന് പിടിച്ചു നിൽക്കാൻ കഴിയൂ,
നേരത്തേ ടോസ് ലഭിച്ച് ശ്രീലങ്കയെ ബാറ്റിംഗിനയച്ച ക്യാപ്റ്റൻ കെയ്ൻ വില്യംസൺന്റെ മനസറിഞ്ഞ് ബൗളർമാർ പന്തെറിഞ്ഞപ്പോൾ ശ്രീലങ്ക 171 റൺസിന് പുറത്തായി.അവസാന വിക്കറ്റിൽ മഹീഷ് തീക്ഷണയും, ദിൽഷൻ മധുശങ്കയും ചേർന്ന് നടത്തിയ ചെറുത്തു നില്പാണ് സ്കോർ 170 കടത്തിയത്. ഇരുവരും ചേർന്നുള്ള അവസാന വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിന്റെ ഏറ്റവും മികച്ച പാർട്ണർഷിപ്പ്, 43 റണ്സ്.തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടപ്പെട്ട ശ്രീലങ്കയെ കുശാൽ പെരേര കൂറ്റൻ അടികളിലൂടെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും 28 പന്തിൽ 51 റൺസെടുത്ത് പുറത്തായി. തീക്ഷണ 38 (91) റൺസുമായി പുറത്താകാതെ നിന്നു. മധുശങ്ക 19 (48) റൺസുമെടുത്തു. ന്യൂസിലൻഡിനായി ട്രെന്റ് ബോൾട്ട് 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ലോക്കി ഫെർഗൂസൺ, മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.