കോഴിക്കോട് : കൊല്ലത്തുള്ള ആറ് വയസുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത എല്ലാ കുഞ്ഞുങ്ങളുടേയും മനസില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. അതീവ ദുഃഖത്തോടെ എല്ലായിടത്തുമുള്ള കുട്ടികളുടേയും ആകാംക്ഷ അവളെ കണ്ടെത്തിയോ എന്നായിരുന്നു. ഒടുവില്‍ കണ്ടെത്തിയപ്പോള്‍ അതിന്റെ സന്തോഷം പ്രകടിപ്പിക്കുന്ന കുട്ടികളുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. കോഴിക്കോട് നെട്ടൂരിലെ എല്‍പി സ്കൂളിലെ കുട്ടികള്‍ തുള്ളിച്ചാടുന്ന വീഡിയോ അവരുടെ അധ്യാപകന് ദിനേശ് കുറ്റ്യാടിയാണ് പങ്കുവെച്ചിരിക്കുന്നത്.
സന്തോഷം എന്ന് പറഞ്ഞുകൊണ്ടാണ് കുട്ടികള്‍ തുള്ളിച്ചാടുന്നത്. അധ്യാപകന് ദിനേശന് പങ്കുവെച്ച വീഡിയോ നാട് മുഴുവന്‍ എങ്ങനെയാണ് ഈ സംഭവത്തെ ഒരേ മനസോടെ അബിഗേലിനായി കാത്തിരുന്നത് എന്നത് വ്യക്തമാക്കുന്നതാണ്. ഇന്നലെ വൈകുന്നേരം നാലരയോടെ തുടങ്ങിയ ആശങ്കകള്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സന്തോഷത്തിനും ആശ്വാസത്തിനും വഴിമാറിയത്. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരനൊപ്പമുണ്ടായിരുന്ന 6 വയസുകാരി അബിഗേല്‍ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. അനിയത്തിയെ രക്ഷിക്കാന്‍ സഹോദരന് പ്രതിരോധിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.