തിരുവനന്തപുരം: അഞ്ചുതെങ്ങ് തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. മാമ്പള്ളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. കുഞ്ഞിനെ പ്രസവിച്ചയുടന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. ശുചിമുറിക്ക് പിന്നില്‍ മൃതദേഹം മറവ് ചെയ്തെങ്കിലും നായകള്‍ കടിച്ചുകൊണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ 18ന് പുലര്‍ച്ചെ മൂന്നരയോടെയാണ് മാമ്പള്ളി പള്ളിക്ക് പിൻവശത്തെ തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒരാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന് ഒരു കൈയും കാലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. . തുടർന്ന് കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താൻ സമീപത്തുള്ള ആശുപത്രികളിൽ മുഴുവൻ പൊലീസ് പരിശോധന നടത്തി. അങ്ങനെ സംശയം ജൂലിയിലേയ്ക്കെത്തി. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ ഇവരുടെ പ്രസവം അടുത്തിടെ നടന്നതായി കണ്ടെത്തി. ഇതോടെ ഇവർ കുറ്റം സമ്മതിച്ചു. ജൂലിയുടെ ഭർത്താവ് ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു. പതിമൂന്ന് വയസുള്ള ഒരു മകനുണ്ട്. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നത് അന്വേഷിച്ച് വരികയാണ്.