ഏകദിന ലോകകപ്പിലെ ആറാം മത്സരത്തിൽ നെതർലൻഡ്സിനെതിരെ ന്യൂസിലൻഡിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസ്. മൂന്നു താരങ്ങൾ അർധ സെഞ്ച്വറി നേടിയ മത്സരത്തിൽ മിക്ക ബാറ്റർമാരും തിളങ്ങി. വിൽ യംഗ്, രചിൻ രവീന്ദ്ര, നായകനും വിക്കറ്റ് കീപ്പറുമായ ടോം ലാതം എന്നിവരാണ് അർധസെഞ്ച്വറി നേടിയത്. ഡരിൽ മിച്ചൽ (48), ഡേവോൺ കോൺവേ (32), മിച്ചൽ സാൻറനർ (36) എന്നിവരും ബാറ്റിംഗിൽ മികവ് പ്രകടിപ്പിച്ചു. എന്നാൽ ഗ്ലെൻ ഫിലിപ്സ് (4), മാർക് ചാപ്മാൻ (5) എന്നിവർ പെട്ടെന്ന് പുറത്തായി.
നെതർലൻഡ്സിനായി ആര്യൻ ദത്ത്, പൗൾ വാൻ മീകേരൻ, റോലോഫ് വാൻ ഡെർ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ബാസ് ദെ ലീഡെ ഒരു വിക്കറ്റ് നേടി. മത്സരത്തിൽ ടോസ് ഭാഗ്യം തുണച്ച ഡച്ച് നായകൻ സ്കോട്ട് എഡ്വാഡ്സ് കിവികളെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ വിജയിച്ച അതേ ടീം കോമ്പിനേഷനിൽ ഏക മാറ്റവുമായാണ് ടോം ലാഥനും സംഘവും ഇറങ്ങിയത്. ജിമ്മി നീഷമിനു പകരക്കാരനായി ലോക്കി ഫെർഗൂസൻ ടീമിൽ ഇടംപിടിച്ചതാണു മാറ്റം. കെയിൻ വില്യംസ് പരിക്കിൽനിന്നു പൂർണമായി മുക്തനാകാത്തതിനാൽ തിരിച്ചെത്തിയില്ല. മറുവശത്ത് നെതർലൻഡ്സ് സംഘത്തിലും ആദ്യ മത്സരത്തെ ഇലവനിൽനിന്ന് ഒറ്റ മാറ്റമാണുള്ളത്. സാഖിബ് സുൽഫീക്കറിനു പകരം സിബ്രാൻഡ് എംഗൽബ്രെച്ച് ആണ് ടീമിലെത്തിയത്.