കോഴിക്കോട് : പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലും പൊലീസിന്റെ ഗതാഗതം നിയന്ത്രണം. നാളെ ചരക്ക് വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. വൈകിട്ട് 3 മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി.
സൗത്ത് ബീച്ചിലും യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കില്ല. അനധികൃത പാര്‍ക്കിങ് ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യും. പിഴ ഈടാക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് നടപടി. ലഹരി വസ്തുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനായി കര്‍ശന പരിശോധനയുണ്ടായിരിക്കും.
താമരശ്ശേരി ചുരത്തിലും പുതുവത്സരാഘോഷങ്ങള്‍ക്ക് പൊലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് നാളെ വൈകിട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ താമരശ്ശേരി ചുരത്തില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന ചുരത്തില്‍ പലപ്പോഴായി ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്‍കരുതല്‍ നടപടി. താമരശ്ശേരി ചുരത്തില്‍ നാളെ വൈകുന്നേരം മുതല്‍ തിങ്കളാഴ്ച രാവിലെ വരെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയുള്ള ആഘോഷങ്ങള്‍ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. വാഹനങ്ങള്‍ ചുരത്തില്‍ പാര്‍ക്കു ചെയ്യാനും അനുവദിക്കില്ല.