കൊച്ചി : പുതുവത്സാരാഘോഷത്തോടുനുബന്ധിച്ച് സംസ്ഥാനത്ത് കര്‍ശന പരിശോധന. കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ അറിയിച്ചു. കൊച്ചി കാര്‍ണിവലില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ എത്തിയാല്‍ കടത്തിവിടില്ലെന്ന് കൊച്ചി കമ്മീഷണര്‍ പറഞ്ഞു. വൈകീട്ട് നാലുമണിയോടെ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിക്കും. നാളെ രാവിലെ മുതല്‍ നഗരത്തില്‍ കര്‍ശന വാഹന പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജെ പാര്‍ട്ടിക്ക് എത്തുന്നവരുടെ പേരുകള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണമെന്ന് തിരുവനന്തപുരം കമ്മീഷണര്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ തവണ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ നാല് ലക്ഷത്തിലധികം ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇവരെ നിയന്ത്രിക്കുന്നതിനുള്ള പൊലിസ് സംവിധാനം ഉണ്ടായിരുന്നില്ല. മുന്‍ വര്‍ഷത്തെ വീഴ്ച വിലയിരുത്തിയാണ് ഇക്കുറി പൊലീസ് സുരക്ഷാ സംവിധാനമൊരുക്കുന്നത്. ഡിസിപിയുടെ നേതൃത്വത്തില്‍ 13 ഡിവൈഎസ്പിമാരായിരിക്കും സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുക. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം ആയിരം പൊലീസിനെ വിന്യസിക്കും. കൊച്ചി നഗരത്തില്‍ മൊത്തം രണ്ടായിരത്തോളം പൊലീസ് സുരക്ഷയ്ക്കായി ഉണ്ടാകും
പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് മൈതാനത്ത് 45,000 പേരെയും, തൊട്ടടുത്തെ മൈതിനാത്ത് 80,000 പേരെയുമാണ് ഉള്‍ക്കൊള്ളാനാവുക. അതിലപ്പുറം ആളുകള്‍ എത്തിയാല്‍ ആരെയും കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചു. വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ലെന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്തും കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. ആവശ്യമാണെങ്കില്‍ അവരുടെ വിവരങ്ങള്‍ പൊലീസിന് കൈമാറണമെന്നും തിരുവനന്തപുരം കമ്മീഷണര്‍ പറഞ്ഞു. മാനവീയം വീഥി, കവടിയാര്‍, കനകക്കുന്ന്, ശംഖുമുഖം, കോവളം എന്നിവിടങ്ങളില്‍ കര്‍ശനപരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ കടത്തിവിടുക. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കും. പാസ്പോര്‍ട്ട് ഉള്ളവരാണെങ്കില്‍ അത് റദ്ദ് ചെയ്യാന്‍ നിര്‍ദേശം നല്‍കും. പാസ് പോര്‍ട്ട് പുതുതായി എടുക്കേണ്ടവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു. പന്ത്രണ്ട് മണിയോടെ ആഘോഷപരിപാടികള്‍ അവസാനിപ്പിക്കണം. അതിനുശേഷം ബീച്ചിലോ, മാനവീയം വീഥിയിയിലോ പ്രവേശനം അനുവദിക്കില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.