ഇരിട്ടി : സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ പുതിയ തട്ടിപ്പുമായി സൈബർ ക്രിമിനലുകൾ. പ്രധാനമന്ത്രിയുടെ ചിത്രത്തിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം താമരയിലും ക്ലിക്ക് ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് 5000 രൂപ ലഭിക്കുമെന്നു കാണിച്ചാണ് തട്ടിപ്പുകാർ രംഗത്തു വന്നിരിക്കുന്നത്.
താമരയിൽ വിരൽ അമർത്തിയാൽ ഉടൻ തന്നെ നിങ്ങൾ 5000 രൂപ വിജയിച്ചതായി മെസേജ് വരും. പിന്നീട് നിങ്ങളുടെ ഫോൺ നമ്പർ ആവശ്യപ്പെടും. ഇവിടെ മുതലാണ് ചതിക്കുഴിയുടെ ആരംഭം . ജനങ്ങളെ വിശ്വാസത്തിൽ എടുക്കാൻ ആദ്യം നിങ്ങളുടെ ഫോൺ നമ്പറിലേക്ക് ഒരു വൺ ടൈം പാസ്വേഡ് വരും. പാസ്വേഡ് കൊടുത്താൽ ഒരുപക്ഷേ നിങ്ങളുടെ അക്കൗണ്ടിലെ പണം ഇവിടെ വച്ച് നഷ്ടപ്പെട്ടേക്കാം. ഇന്നലെയാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പരസ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീടത് സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ നിന്ന് അപ്രത്യക്ഷമായി.
ഇത്തരത്തിൽ മുൻ പ്രധാനമന്ത്രി വാജ്പേയിയുടെയും മുൻ പ്രസിഡന്റ് എ.പി.ജെ. അബ്ദുൾ കലാമിന്റെയും പേരിൽ സ്കോളർഷിപ്പുകൾ നൽകുന്നു എന്നപേരിലും തട്ടിപ്പുകൾ നടക്കുന്നുണ്ട്. 5000 രൂപ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഇന്നലെ ഒറ്റദിവസം കൊണ്ട് എത്ര കോടി രൂപയുടെ കബളിപ്പിക്കൽ നടന്നുവെന്നും ആരാണ് പിന്നിലെ പ്രതികൾ എന്നും കണ്ടെത്താൻ യാതൊരു സാധ്യതകളും ഇല്ലെന്നുമാണ് ലഭിക്കുന്ന സൂചന. ഇത്തരം തട്ടിപ്പുകൾക്കെതിരേ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്നാണ് പോലീസ് അറിയിക്കുന്നത്.