ന്യൂഡൽഹി : പുതിയ ഫാസ്ടാഗ് നിയമങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ. ദേശീയപാതകളിൽ വാഹനങ്ങളിലെ ടോൾ ഇടപാടുകൾ കാര്യക്ഷമമാക്കാനും തെറ്റായ പ്രവണതകൾ തടയാനും ലക്ഷ്യമിട്ടാണ് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്.
ഫാസ്ടാഗ് ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലോ ഹോട്ട്ലിസ്റ്റിൽ പെടുകയോ ടോൾ ബൂത്തിൽ എത്തുന്നതിന് ഒരു മണിക്കൂറിലധികം മുമ്പ് ബാലൻസ് കുറവാവുകയോ ചെയ്താൽ ഇടപാട് നിരസിക്കപ്പെടും. ടോൾബൂത്തിൽ ഫാസ്ടാഗ് സ്കാൻ ചെയ്തശേഷവും 10 മിനിറ്റ് ടാഗ് ബ്ലാക്ക്ലിസ്റ്റിലും നിഷ്ക്രിയാവസ്ഥയിലും തുടരുകയാണെങ്കിലും ഇടപാട് നിരസിക്കപ്പെടും. ഇതോടെ പിഴയായി ടോൾ ഫീസിന്റെ ഇരട്ടി ഈടാക്കും.
ടോൾ ബൂത്തിൽ എത്തുന്നതിന് മുമ്പ് 60 മിനിറ്റിലധികം ഫാസ്ടാഗ് ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉപയോക്താക്കൾക്ക് അവസാന നിമിഷം റീചാർജ് ചെയ്യാൻ കഴിയില്ല. അതേസമയം, ഇടപാടിന് ശ്രമിച്ച് 10 മിനിറ്റിനുള്ളിൽ റീചാർജ് ചെയ്താൽ പെനാൽറ്റി റീഫണ്ടിന് അർഹതയുണ്ടാകും.
തടസ്സമില്ലാത്ത ഇടപാടുകൾ ഉറപ്പാക്കാനും പിഴകൾ ഒഴിവാക്കാനുമായി ഫാസ്ടാഗ് ഉപയോക്താക്കൾ ടോൾ പ്ലാസകളിൽ എത്തുന്നതിന് മുമ്പ് അക്കൗണ്ടുകളിൽ മതിയായ ബാലൻസ് നിലനിർത്തണം. ബ്ലാക്ക്ലിസ്റ്റ് ചെയ്യുന്നത് തടയാൻ KYC വിശദാംശങ്ങൾ പതിവായി അപ്ഡേറ്റ് ചെയ്യണം. ദീർഘദൂര യാത്രകൾക്ക് മുമ്പ് ഫാസ്ടാഗിന്റെ തൽസ്ഥിതി പരിശോധിക്കുകയും വേണം. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ (https://www.npci.org.in/) ഫാസ്ടാഗിന്റെ തൽസ്ഥിതി അറിയാൻ സാധിക്കും.