കാസർക്കോട് : ഭക്തരുടെ പ്രിയപ്പെട്ട ബബിയ മുതലയ്ക്ക് പിൻഗാമി എത്തിയതായി റിപ്പോർട്ടുകൾ. കാസർക്കോട് കുമ്പളയിലെ അനന്തപുരം തടാക ക്ഷേത്രത്തിലെ കുളത്തിൽ പുതിയ മുതല എത്തിയതായാണ് വിവരം. കഴിഞ്ഞ വർഷമാണ് പ്രായാധിക്യത്തെ തുടർന്നു ബബിയ മുതല ചത്തത്. ഇപ്പോൾ കുളത്തിൽ മറ്റൊരു മുതലയുണ്ടെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടു നിന്നു ക്ഷേത്രത്തിലെത്തിയ സംഘമാണ് ആദ്യം പുതിയ മുതലയെ കണ്ടത്. മുതലയുടെ ചിത്രം ഇവർ എടുക്കുകയും ചെയ്തു. ഇവർ ക്ഷേത്ര ഭാരവാഹികളോടു വിവരവും പറഞ്ഞു. ക്ഷേത്ര ജീവനക്കാർ തിരച്ചിൽ നടത്തിയെങ്കിലും മുതലയെ കണ്ടില്ല. ഇന്നലെ വീണ്ടും പരിശോധിച്ചപ്പോൾ കുളത്തിലെ മടയിൽ മുതലയെ കണ്ടെത്തി. ബബിയയുടെ അതേ വിഭാഗത്തിൽപ്പെട്ട മുതലായാണ് ഇപ്പോൾ കണ്ടെത്തിയതെന്നു വിദഗ്ധർ സ്ഥിരീകരിച്ചു. വിവരം മലബാർ ദേവസ്വം ബോർഡിനെ അറിയിച്ചതായി ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി.