ന്യൂഡൽഹി : ഇന്ത്യയിലെ തിരിച്ചറിയൽ രേഖകളിൽ പ്രധാനപ്പെട്ട ഒന്നാണ് ആധാർ കാർഡ്. നമ്മുടെ പല കാര്യങ്ങൾക്കും പ്രധാനപ്പെട്ട രേഖയായി പരിഗണിക്കുന്നതും കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഈ 12 അക്ക തനത് നമ്പറാണ്. ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിനും പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനും ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനും സർക്കാർ സബ്സിഡികൾ ലഭിക്കുന്നതിനുമടക്കം നിരവധി ആവശ്യങ്ങൾക്കും ഐഡന്റിറ്റി പ്രൂഫായി ഉപയോഗിക്കുന്നത് ആധാറാണ്.
ആധാറിന്റെ ഒറിജിനൽ കോപ്പിയോ പകര്‍പ്പോ കൈവശമില്ലെങ്കില്‍ പലപ്പോഴും നമുക്ക് പണി കിട്ടാറുണ്ട്. എന്നാലിനി ആധാർ കാർഡോ പകർപ്പോ കൈവശമില്ലെന്ന് കരുതി വിഷമിക്കേണ്ട. സ്മാർട്ട് ഫോണുള്ളവർക്ക് മുഖം തിരിച്ചറിയാനുള്ള ഫേസ് ഐഡിയിലൂടെയോ ക്യു ആർ സ്കാനിങ്ങിലൂടെയോ ആധാർ വെരിഫിക്കേഷൻ നടത്താൻ സാധിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവാണ് ‘എക്സിലൂടെ പുതിയ ആപ്പ് പരിചയപ്പെടുത്തിയിരിക്കുന്നത്.
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ ആപ്പെന്നാണ് സർക്കാറിന്റെ അവകാശ വാദം. പുതിയ ആധാർ ആപ്പ് പൂർണമായും സുരക്ഷിതമായിരിക്കുമെന്നും ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ എവിടെയും ചോരില്ലെന്നും കേന്ദ്ര സർക്കാർ പറയുന്നു. ഫോണിൽ ആധാർ ആപ്പ് ഉണ്ടെങ്കിൽ ആധാർ വെരിഫിക്കേഷന് ആധാർ കാർഡിന്റെ ഒറിജിനലോ പകർപ്പോ വേണ്ടതില്ല എന്നത് തന്നെയാണ് ഇതിന്റെ എടുത്തുപറയേണ്ട ആദ്യ പ്രത്യേകത. ഹോട്ടലുകൾ,വിമാനത്താവളങ്ങൾ തുടങ്ങി ആധാർ തിരിച്ചറിയിൽ രേഖായി ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ആധാർ പകർപ്പ് നൽകേണ്ടി വരില്ല.
കൂടാതെ വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കുന്നതിനും നമുക്ക് നിയന്ത്രണം കൊണ്ടുവരാം.ആവശ്യമായ വിവരങ്ങൾ മാത്രം പങ്കുവെക്കാനുള്ള അനുമതി സ്വയം നൽകാം.കൂടാതെ ആധാർ ആർക്കും ദുരുപയോഗം ചെയ്യാനും സാധിക്കില്ല. ഫേസ് ഐഡി സംവിധാനം കൂടി ഉള്ളതിനാൽ സ്വകാര്യത സംരക്ഷിക്കുന്നതിന് മുമ്പത്തേക്കാൾ സൗകര്യവുമുണ്ട്. നിലവിൽ ഈ ആപ്പ് ബീറ്റ പരീക്ഷണ ഘട്ടത്തിലാണെന്നും ഇതിന് ശേഷം രാജ്യവ്യാപകമായി പുറത്തിറക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുന്നത്.