കൊച്ചി : കർഷകർക്ക് പ്രതീക്ഷയേകി ഇടവേളക്കുശേഷം നേന്ത്രക്കായ വില ഉയരുന്നു. മെയ് മാസവും ജൂൺ തുടക്കത്തിലും നേന്ത്രക്കായക്ക് 20 രൂപക്കും 25 രൂപക്കും ഇടയിലായിരുന്നത് ജൂൺ അവസാനത്തോടെ 40 രൂപക്ക് മുകളിലെത്തി. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽമാത്രം വില പത്ത് രൂപയിലധികം വർധിച്ചു. ചില്ലറ വിപണിയിൽ 55 രൂപക്കടുത്താണ് നിലവിലെ വില.
വരുംദിവസങ്ങളിലും വില വർധിക്കാൻ സാധ്യതയുണ്ടെന്ന് മൊത്തക്കച്ചവടക്കാർ പറഞ്ഞു. നിലവിൽ വിളവെടുപ്പ് സജീവമല്ലാത്തതിനാൽ ഭൂരിഭാഗം കർഷകർക്കും വിലവർധനയുടെ നേട്ടം കൊയ്യാനാവുന്നില്ല. അടുത്ത മാസത്തോടെ വിളവെടുപ്പ് സജീവമാവും. ആഗസ്തോടെ നേന്ത്രക്കായക്ക് കൂടുതൽ വില ലഭിക്കുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. മൊത്ത വില 50 രൂപക്കടുത്തെങ്കിലുമുണ്ടായാല് വലിയ നേട്ടമാവുമെന്ന് കർഷകർ പറഞ്ഞു. അതേസമയം കാലവർഷത്തിൽ കൃഷിനാശമുണ്ടാവുമെന്ന ആശങ്കയും കർഷകർക്കുണ്ട്.
കഴിഞ്ഞവർഷം വില പത്ത് രൂപയിലേക്കടക്കം കൂപ്പൂകുത്തിയിരുന്നെങ്കിലും ആഗസ്ത് മാസം 50 രൂപയ്ക്കടുത്ത് ലഭിച്ചിരുന്നു. ഓണക്കാലം അടുത്തതോടെയാണ് വില വർധിച്ചത്. ഈ വർഷം വിഷുവിന് മുമ്പ് വില 20ല്‍ താഴെയായിരുന്നു. വിഷുക്കാലം 30 രൂപയ്ക്കടുത്ത് എത്തി. എന്നാൽ, പിന്നീട് വീണ്ടും ഇടിയുകയായിരുന്നു. മുൻ വർഷത്തെപ്പോലെ വില കൂപ്പുകുത്തിയില്ലെന്നത് കര്‍ഷകര്‍ക്ക് ആശ്വാസം.
ഹോർട്ടികോർപ്പ് വഴി നേന്ത്രക്കായ സംഭരിച്ചതും മൊത്തവിപണിയിലെ വിലയിടിവ് തടയിടാൻ സഹായകമായി. തമിഴ്നാട്ടിൽനിന്ന് നേന്ത്രക്കായ വരവ് കുറഞ്ഞതും ജില്ലയിൽനിന്നുള്ള വാഴക്കുലകൾക്ക് ഡിമാൻഡ് വർധിപ്പിച്ചു. രാസവളങ്ങൾക്കടക്കം വില കൂടി കൃഷി പ്രതിസന്ധി നേരിടുന്നതിനിടെയുള്ള വിലവർധന വാഴ കർഷകർക്ക് ആശ്വാസമാണ്.