കല്‍പ്പറ്റ: വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ. നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അര്‍ജുനെയാണ് കോടതി ശിക്ഷിച്ചത്. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എസ് കെ അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ച കോടതി ഇതിനു പുറമെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തെളിവ് നശിപ്പിച്ചതിന് 6 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
കഴിഞ്ഞ 24-ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.2021 ജൂൺ 10-ന് രാത്രി എട്ടരയോടെയായിരുന്നു കേസിനാസ്പദമായ കുറ്റകൃത്യം നടക്കുന്നത്. പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വയറിനും തലക്ക് വെട്ടും കുത്തുമേറ്റ കേശവന് സംഭവസ്ഥലത്ത് മരിച്ചു. നെഞ്ചിനും കഴുത്തിനും ഇടയില്‍ കുത്തേറ്റ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പനമരം, നീര്‍വാരം സ്കൂളുകളിലെ കായികാധ്യാപകനായിരുന്നു മരിച്ച കേശവന്.
മൂന്നുമാസത്തിനുശേഷം സെപ്റ്റംബർ 17-നാണ് പ്രതി അയൽവാസിയായ അർജുൻ അറസ്റ്റിലാവുന്നത്. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനുൾപ്പെടെ 75 സാക്ഷികളെയാണ് വിസ്തരിച്ചത്. 179 രേഖകളും 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ഡിസംബർ 20-നാണ് കേസിന്റെ വിചാരണ പൂർത്തിയായത്.