തൃശൂര്‍ : വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ സിവില്‍ സ്റ്റേഷനിലുള്ള തൃശ്ശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ‘നെഗറ്റീവ് എനര്‍ജി’ പുറന്തള്ളാന്‍ പ്രാര്‍ഥന നടത്തിയ സംഭവത്തില്‍ ഓഫീസര്‍ക്കെതിരെ നടപടി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെഎ ബിന്ദുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വകുപ്പ് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് ആഴ്ചകള്ക്കുമുന്പ് ഓഫീസില്‍ പ്രാര്‍ഥന നടത്തിയത്. ഓഫീസ് സമയം വൈകീട്ട് 4.30-ഓടെയാണ് ഓഫീസിലെ ജീവനക്കാരോട് പ്രാര്‍ഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ശിശുസംരക്ഷണ ഓഫീസര്‍ ആവശ്യപ്പെട്ടത്. ഇതേ ഓഫീസിലുള്ള ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കെടുക്കേണ്ടിവന്നു. ഇവരിലൊരാളാണ് ളോഹയും ബൈബിളുമായെത്തി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്.
ഓഫീസില്‍ നെഗറ്റീവ് എനര്‍ജി നിറഞ്ഞുനില്ക്കുന്നുവെന്ന പരാതി ചുമതലയേറ്റതിനുശേഷം ഓഫീസര്‍ പതിവായി പറയാറുണ്ട്. ഓഫീസില്‍ പല പ്രശ്നങ്ങളുമുണ്ടാകുന്നത് നെഗറ്റീവ് എനര്‍ജി കൊണ്ടാണെന്നാണ് അവര്‍ പറഞ്ഞത്. ഓഫീസറുമായുള്ള അഭിപ്രായഭിന്നതകളും മാനസികസമ്മര്‍ദവും കാരണം അടുത്തിടെ നാല് താത്കാലികജീവനക്കാര്‍ ജോലി അവസാനിപ്പിച്ചിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടറും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.