ന്യൂഡൽഹി: നീറ്റ് പുന:പരീക്ഷാ ഫലം ഫലം പ്രഖ്യാപിച്ചു. പുതിയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ഉയർന്ന മാർക്ക് നേടിയവരുടെ എണ്ണം 67 നിന്ന് 61 ആയി കുറഞ്ഞു. മെയ് 30ന് നടന്ന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ടായിരുന്നു. രണ്ടു വിദ്യാർത്ഥികൾക്ക് 718, 719 എന്നിങ്ങനെ മാർക്ക് ലഭിച്ചത് സംശയാസ്പദമാണെന്നുമായിരുന്നു ആരോപണം.സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1,563 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്തിയത്. എന്നാൽ 813 വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷയെഴുതിയത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ഇന്ന് പരീക്ഷ നടന്നത്.
നീറ്റ് പരീക്ഷയിൽ 180 ചോദ്യങ്ങൾക്കാണ് വിദ്യാർത്ഥികൾ ഉത്തരമെഴുതേണ്ടത്. മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയാൽ പരമാവധി 720 മാർക്കാണ് ലഭിക്കുക. ഒരു ചോദ്യം ഒഴിവാക്കിയാൽ നാലു മാർക്ക് കുറയും.716 മാർക്ക് ലഭിക്കും.ഒരു ചോദ്യത്തിനുള്ള ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്ക് കൂടി കിഴിച്ച് 715 മാർക്കാണ് ലഭിക്കുക. എന്നാൽ രണ്ടു വിദ്യാർത്ഥികൾക്ക് 718 ഉം 719 ഉം മാർക്ക് ലഭിച്ചതായി നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി പ്രസിദ്ധീകരിച്ച ഫലത്തിലുണ്ടായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ഗ്രേസ് മാർക്ക് നൽകിയതാണെന്ന വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി രംഗത്തെത്തിയിരുന്നു.
നീറ്റ് ക്രമക്കേട് ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധങ്ങൾ നടക്കുകയാണ്. അതിനിടെ വിഷയം ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ഇരുസഭകളിലും ശക്തമായ പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പാർലമെന്റിനു മുൻപിൽ ഇൻഡ്യാ മുന്നണിയിലെ വിവിധ പാർട്ടികൾ പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നീറ്റ് വിഷയത്തിൽ വിവിധ പാർട്ടികൾ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. കഴിഞ്ഞദിവസം പാർലമെന്റിൽ നീറ്റ് വിഷയത്തിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയുന്നു.അതേസമയം ചോദ്യപേപ്പർ ചോർന്നതടക്കമുള്ള ക്രമക്കേടിൽ കൂടുതൽ അറസ്റ്റിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് സി.ബി.ഐ. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ജയ് ജലറാം സ്കൂൾ ഉടമ ദീക്ഷിത് പട്ടേലിനെ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തു. ഇതോടെ നീറ്റ് ക്രമക്കേടിൽ വിവിധ സംസ്ഥാനങ്ങളിലായി അറസ്റ്റിൽ ആയവരുടെ എണ്ണം 28 ആയി.