ഖത്തർ: ദോഹ ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി. 88.38 മീറ്റർ ദൂരം പിന്നിട്ട ചോപ്രക്ക് വെറും രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിലാണ് സ്വർണ്ണം നഷ്ടമായത്. സീസണിലെ മികച്ച ദൂരം കണ്ടെത്തിയ ചോപ്ര തന്റെ സ്വപ്ന ദൂരമായ 90 മീറ്ററിലേക്ക് ജാവലിന്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്ലെജ് 88.38 മീറ്റർ ദൂരം പിന്നിട്ട് ഒന്നാമതെത്തിയപ്പോൾ തന്റെ അവസാന ത്രോയിൽ നീരജ് 88.36 മീറ്റർ ദൂരം കൈവരിച്ചു.
ടോക്കിയോ ഒളിംപിക്സിൽ നീരജിനു പിന്നിൽ രണ്ടാമതായ താരമാണ് വാദ്ലെജ്. മുൻ ലോകചാംപ്യൻ ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സൻ 85.75 മീറ്ററുമായി മൂന്നാം സ്ഥാനത്തായി. മത്സരത്തിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം കിഷോർ കുമാർ ജന 9–ാം സ്ഥാനത്തൊതുങ്ങി (76.31 മീറ്റർ). 10 പേരാണ് മത്സരത്തിലുണ്ടായിരുന്നത്. സീസണിൽ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് നീരജ് ദോഹയിൽ കൈവരിച്ചത്. ജൂലൈ 7ന് പാരിസിലാണ് അടുത്ത ഡയമണ്ട് ലീഗ് മീറ്റിങ്. ജൂലൈ 26നാണ് പാരിസ് ഒളിംപിക്സിനു തുടക്കമാകുന്നത്.