ന്യൂഡൽഹി: കേന്ദ്ര സർവീസിൽ 9,64,354 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായി പ്രധാനമന്ത്രിയുടെ ഒാഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ വി.ശിവദാസൻ എം.പിയെ അറിയിച്ചു. ഗ്രൂപ്പ് എ 30,606, ഗ്രൂപ്പ് ബി 1,11,814, ഗ്രൂപ്പ് സി 8,21,934 എന്നിങ്ങനെയാണ് ഒഴിവുകൾ.
രണ്ടോ മൂന്നോ വർഷം ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ റദ്ദാക്കപ്പെടുമെന്നും മറുപടിയിലുണ്ട്. വകുപ്പുകളിൽ നിയമനം നടത്താതെ വർഷങ്ങളായി ഒഴിച്ചിട്ട തസ്തികകളാണ് റദ്ദാകുക. എന്നാൽ ഇതുപ്രകാരം റദ്ദാക്കിയ തസ്തികകളുടെ എണ്ണം പറയുന്നില്ല.10 ലക്ഷം പേർക്ക് 18 മാസം കൊണ്ട് തൊഴിൽ ഉറപ്പാക്കും എന്ന 2022 ജൂൺ 14ലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം എത്ര തസ്തികകൾ പുതിയതായി സൃഷ്ടിച്ചു, എത്ര പേർക്ക് നിയമനം നൽകി എന്നീ ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചില്ലെന്ന് ശിവദാസൻ പറഞ്ഞു.
സൈന്യത്തിൽ മാത്രം 1.55 ലക്ഷം തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന് മറ്റൊരു മറുപടിയിൽ കേന്ദ്രം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അഗ്നിപഥ് പദ്ധതി 13 മാസം പിന്നിടുമ്പോൾ എത്ര തസ്തിക സൃഷ്ടിച്ചു, എത്ര പേർക്ക് നിയമനം നൽകി എന്നീ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയില്ല.