കൊളംബോ : ശ്രീലങ്കക്കെതിരായ ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ മികച്ച തുടക്കമിട്ട് ഇന്ത്യക്ക് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ദുനിത് വെള്ളാലഗെയുടെ ബൗളിങാണ് മികച്ച തുടക്കമിട്ടതിനു പിന്നാലെ ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.
15 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്നന നിലയില്‍. ഇഷാന് കിഷനും കെഎല്‍ രാഹുമാണ് ക്രീസില്‍.
11 റണ്‍സ് ബോര്ഡിലെത്തുന്നതിനിടെയാണ് ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (53), ശുഭ്മാന്‍ ഗില്‍ (19), വിരാട് കോഹ്ലി (3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ദുനിത് വെള്ളാലഗെയാണ് ഈ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്.
ടാസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന സഖ്യം മികച്ച തുടക്കം നല്കി.
രോഹിത് തുടര്‍ച്ചയായി രണ്ടാം പോരാട്ടത്തിലും അര്‍ധ സെഞ്ച്വറിയടിച്ചു. 48 പന്തില്‍ 53 റണ്‍സുമായി ഹിറ്റ്മാന് മടങ്ങി. ഏഴ് ഫോറും രണ്ട് സിക്സും നായകന് തൂക്കി.
സ്കോര്‍ 80ല്‍ നില്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 19 റണ്‍സെടുത്ത ഗില്ലിനെ ക്ലീന്‍ ബൗള്‍ഡാക്കി വെള്ളാലഗെയാണ് ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
കഴിഞ്ഞ മത്സരത്തിലെ ടോപ് സ്കോറര്‍ വിരാട് കോഹ്ലി ഇത്തവണ പരാജയപ്പെട്ടു. 12 പന്തില്‍ മൂന്ന് റണ്‍സുമായി കോഹ്ലി മടങ്ങി. പിന്നാലെയാണ് രോഹിതിന്റേയും മടക്കം.