

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 42 ഇടത്ത് എന്‍ഡിഎയുടെ തേരോട്ടം. 21 ഇടത്താണ് എല്‍ഡിഎഫ് ലീഡ്. 14 ഇടത്ത് യുഡിഎഫ് മുന്നില്‍. തിരുവനന്തപുരം കോർപറേഷനിലെ കൊടുങ്ങാന്നൂര്‍ ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി വി വി രാജേഷ് വിജയിച്ചു.
ബിജെപിയുടെ മേയർ സ്ഥാനാർത്ഥി എന്ന നിലയിൽ പരിഗണിക്കപ്പെടുന്ന നേതാവാണ് വി വി രാജേഷ്. കൊടുങ്ങാനൂരില്‍ 507 വോട്ടിന്റെ ലീഡാണ് വിവി രാജേഷ് നേടിയത്. തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി ഭരിക്കും. കണ്ണിലെ കൃഷ്ണമണിപോലെ തിരുവനന്തപുരം കാക്കുമെന്ന് വി വി രാജേഷ് വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ റിട്ട. ഡിജിപി ശ്രീലേഖക്ക് ജയം. ശാസ്തമംഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്.
റിട്ടയേർഡ് ഡിജിപിയും കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിവാദത്തിൽപ്പെട്ടിരുന്നു. പ്രചാരണത്തിനിടെ പേരിനൊപ്പം ‘ഐ.പി.എസ്’ എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതിയുയർന്നിരുന്നു. പിന്നാലെ, തെരഞ്ഞെടുപ്പ് ദിനം വ്യാജ സർവേ ഫലം പ്രചരിപ്പിച്ചും വിവാദത്തിൽപ്പെട്ടു.