ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷ സഖ്യമായ “ഇന്ത്യ’ കൊണ്ടു വന്ന അവിശ്വാസപ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്‍ഡിഎ ഘടകകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്). മിസോറാമില്‍ നിന്നുള്ള ലോക്സഭാ എംപി സി. ലാല്‍റോസങ്കയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും മണിപ്പുരിലെ സംഘര്‍ഷം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
“അവിശ്വാസപ്രമേയത്തിന് പിന്തുണ നല്‍കുന്നത് വഴി കോണ്‍ഗ്രസിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയോ ബിജെപിയെ എതിര്‍ക്കുകയോ അല്ല പകരം സംഘര്‍ഷം ശമിപ്പിക്കുന്നതില്‍ സര്‍ക്കാരിന് വന്ന വീഴ്ചയ്ക്കെതിരേ പ്രതിഷേധിക്കുകയാണ്. പ്രത്യേകിച്ച് വിഷയം കൃത്യമായി കൈകകാര്യം ചെയ്യാന്‍ സാധിക്കാതിരുന്ന മണിപ്പുര്‍ സര്‍ക്കാരിനെതിരേ’- ലാല്റോസാങ്ക പറഞ്ഞു.