ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ഐക്യം ഉറപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ബംഗലൂരുവില്‍ ഒത്തുകൂടാനിരിക്കേ, മറുതന്ത്രമൊരുക്കാന്‍ എന്‍ഡിഎ യോഗം നാളെ. യോഗത്തില്‍ 38 സഖ്യകക്ഷികള്‍ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ അറിയിച്ചു.
നിലവിലെ സഖ്യകക്ഷികള്‍ക്ക് പുറമേ പുതിയ ഏതാനും കക്ഷികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നഡ്ഡയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അധ്യക്ഷതയിലാണ് എന്‍ഡിഎ യോഗം. യോഗത്തിലേക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ട്. യോഗത്തില്‍ 30 കക്ഷികള്‍ പങ്കെടുക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ഒന്‍പത് വര്‍ഷം എന്‍ഡിഎ സര്‍ക്കാര്‍ നല്ല ഭരണമാണ് കാഴ്ച വെച്ചത്. ഇത് തുടരും. ഗുണഭോക്താക്കള്‍ക്ക് 28 ലക്ഷം കോടി രൂപയാണ് നേരിട്ട് കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വമാണ് സര്‍ക്കാരിനെ മുന്നോട്ടുനയിച്ചതെന്നും ദേശീയ അധ്യക്ഷന്‍ പറഞ്ഞു.