ന്യൂഡൽഹി : മണിപ്പുരിൽ എൻ ബിരേൻസിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻഡിഎ സഖ്യകക്ഷിയായ കുക്കി പീപ്പിൾസ് അലയൻസ് (കെപിഎ). സംഘർഷം മൂന്നാംമാസത്തിലേക്ക് കടന്നതിനുപിന്നാലെയാണ് രണ്ട് എംഎൽഎമാരുള്ള കെപിഎയുടെ നിർണായക നീക്കം.
പിന്തുണ പിൻവലിക്കുന്നത് വ്യക്തമാക്കി ഗവർണർ അനസൂയ ഉയിക്കെയ്ക്ക് കെപിഎ ചെയർമാൻ തോങ്മാങ് ടോങ്മാങ് കത്തുനൽകി. അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്ന് കത്തിൽ വ്യക്തമാക്കി. 21ന് നടക്കുന്ന സഭാസമ്മേളനത്തിൽ പത്ത് കുക്കി എംഎൽഎമാരും പങ്കെടുക്കില്ല. ബിജെപിയുടെ ഏഴും കുക്കി പീപ്പിൾസ് അലയൻസിൽനിന്നുള്ള രണ്ടുപേരും ഒരു സ്വതന്ത്രനും ഉൾപ്പെടെ 10 കുക്കി- എംഎൽഎമാരാണ് അറുപതംഗ സഭയിൽ ഉള്ളത്. കുക്കി, നാഗ സംഘടനകൾ സമ്മേളനം ബഹിഷ്കരിക്കാൻ എംഎൽഎമാരോട് ആവശ്യപ്പെട്ടിരുന്നു. കുക്കികളുടെ പ്രധാന ആവശ്യമായ സ്വയംഭരണം തള്ളുന്ന പ്രമേയം 21ന് നിയമസഭ പാസാക്കുമെന്നും സൂചനയുണ്ട്.
നിയമവാഴ്ച പൂർണമായും തകർന്ന മണിപ്പുരിൽ 24 മണിക്കൂറിനിടെയുണ്ടായ ആക്രമണത്തിലും തിരിച്ചടിയിലിലും ആറുപേർ കൊല്ലപ്പെട്ടു. ബിഷ്ണുപുർ ജില്ലയിലെ ക്വാക്ത ഗ്രാമത്തിൽ ശനി പുലർച്ചെ മൂന്നുപേരെ വീട്ടിൽനിന്ന് പിടിച്ചിറക്കി വെടിവച്ചുകൊന്നതിന് പിന്നാലെയുണ്ടായ തിരിച്ചടിയിൽ രണ്ട് കുക്കികൾ കൊല്ലപ്പെട്ടു. ശനി അർധരാത്രി ബഫർസോൺ കടന്ന് ബിഷ്ണുപുർ –-ചുരാചന്ദ്പുർ അതിർത്തിയിലെ ഗ്രാമങ്ങളായ ഫൗജാങ്, സോംഗ്ഡോ എന്നിവിടങ്ങളിലേക്ക് മെയ്ത്തീകൾ നടത്തിയ മോട്ടാർ ആക്രമണത്തിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. ഇതേസമയം ബിഷ്ണുപുരിലെ തെരാഖോങ്സാങ്ബിയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇവിടെ പൊലീസുകാർക്കടക്കം മൂന്നുപേർക്ക് പരിക്കേറ്റു. അതിക്രമം വർധിച്ചതോടെ പത്തുകമ്പനി കേന്ദ്ര സേനയെക്കൂടി മണിപ്പുരിലേക്ക് അയച്ചു.
5 പൊലീസുകാർക്ക് സസ്പെൻഷൻ
മെയ് നാലിന് കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയശേഷം മെയ്ത്തീകൾ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ തൗബാൽ ജില്ലയിലെ നോങ്പോക്ക് സെക്മായി പൊലീസ് സ്റ്റേഷൻ ഇൻചാർജ് അടക്കം അഞ്ചുപേർക്ക് സസ്പെൻഷൻ. ജൂലൈ 19ന് പുറത്തുവന്ന വീഡിയോ രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നു. ഇവരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മെയ്ത്തീകൾ പ്രക്ഷോഭത്തിലാണ്.