മുംബൈ: അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഷിൻഡെ സർക്കാരിൽ ചേർന്നതിനു പിന്നാലെ മൂന്നു നേതാക്കളെ പാർട്ടിയിൽനിന്നും പുറത്താക്കി എൻസിപി. ഒൻപത് എംഎൽഎമാരെയും രണ്ട് ലോക്സഭാംഗങ്ങളെയും അയോഗ്യരാക്കി. ഞായറാഴ്ച അജിത് പവാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തെന്നതിനാണ് നടപടി.
പാർട്ടിയുടെ പ്രാദേശിക ജനറൽ സെക്രട്ടറി ശിവാജി റാവു ഗാർജെ, പാർട്ടിയുടെ അകോല സിറ്റി ജില്ലാ പ്രസിഡന്റ് വിജയ് ദേശ്മുഖ്, പാർട്ടിയുടെ മുംബൈ ഡിവിഷൻ വർക്കിംഗ് പ്രസിഡന്റ് നരേന്ദ്ര റാണെ എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടി അച്ചടക്കത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയെന്ന് എൻസിപി അറിയിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഒമ്പത് എംഎൽഎമാരെ അയോഗ്യരാക്കാനുള്ള പ്രമേയം സംസ്ഥാന അച്ചടക്ക സമിതി ചേർന്ന് പാസാക്കി.
ലോക്സഭാ അംഗങ്ങളായ സുനിൽ തത്കരെ, പ്രഫുൽ പട്ടേൽ എന്നിവരെ അയോഗ്യരാക്കണമെന്ന് വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ പാർട്ടി അധ്യക്ഷൻ ശരദ് പവാറിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.