തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോടില്‍ കാണാതായ ജോയിയെ കണ്ടെത്താന്‍ രക്ഷാദൗത്യം തുടരുന്നു. കാമറ ഘടിപ്പിച്ച റോബോട്ടിക് യന്ത്രം ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ ശരീരഭാഗങ്ങളെന്ന് സംശയിക്കുന്ന ദൃശ്യം കണ്ടെത്തിയിരുന്നു. ഈ ഭാഗത്ത് സ്കൂബ ടീമിലെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ കണ്ടത് ശരീരഭാഗങ്ങള്‍ അല്ലെന്ന് സ്ഥിരീകരിച്ചു. മനുഷ്യശരീരഭാഗമെന്ന് തോന്നിച്ചത് ചാക്കില്‍ കെട്ടിയ മാലിന്യങ്ങളാണെന്നും രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു.
അടയാളം കണ്ടെത്തിയ സ്ഥലത്ത് സ്കൂബ ടീം രണ്ടു വട്ടം പരിശോധന നടത്തിയിരുന്നു. 15 മീറ്റര്‍ വലതു വശത്തേക്കും തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ജോയിലെ കാണാതായ തുരങ്കകനാലിന്റെ ദൂരം 117 മീറ്ററാണ്. ഇതില്‍ ആദ്യ 100 മീറ്ററില്‍ പരിശോധന കഴിഞ്ഞു. അവശേഷിക്കുന്നത് 57 മീറ്ററാണ്. അവസാന 17 മീറ്ററില്‍ പരിശോധന ശക്തമാക്കാനാണ് എന്‍ഡിആര്‍എഫിന്റെ തീരുമാനം.
ടണലിന് അപ്പും 70 മീറ്റര്‍ മാറി മാന്‍ഹോളിലിറങ്ങി ഇനി തിരച്ചില്‍ നടത്തും. ഉച്ചയ്ക്ക് ശേഷം തുരങ്കത്തിന് പിന്‍ഭാഗത്തു നിന്നും പരിശോധന നടത്തും. സ്കൂബാ സംഘത്തിന് സുഗമമായ പരിശോധന നടത്താനായി വാട്ടര്‍ ലെവല്‍ ഉയര്‍ത്തും. ഇരുട്ടും മാലിന്യക്കൂമ്പാരവും ദൗത്യത്തിന് വെല്ലുവിളിയാകുന്നതായി രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. രക്ഷാദൗത്യത്തിനായി കൊച്ചിയില്‍ നിന്നും നാവിക സംഘവും തിരുവനന്തപുരത്ത് എത്തുമെന്ന് റവന്യൂമന്ത്രി കെ രാജന് അറിയിച്ചു.
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയപ്പോഴാണ് ഇന്നലെ രാവിലെ 11 മണിയോടെ മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്. 30 അംഗ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. രക്ഷാ ദൗത്യത്തിന് കഠിന പരിശ്രമം തുടരുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. രക്ഷാ ദൗത്യം എല്ലാ വകുപ്പും ചേർന്ന് നടത്തുന്നുണ്ടെന്നും പത്തനംതിട്ട, കൊല്ലം ജില്ലയിൽ നിന്ന് കൂടുതൽ സ്കൂബ ടീം എത്തുമെന്നും മന്ത്രി ശിവൻ കുട്ടി ഉന്നത തല യോഗത്തിനുശേഷം പറഞ്ഞു.