കണ്ണൂര്‍ : എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര് അജിത്ത് കുമാര്‍, കണ്ണൂര്‍ അസി. പൊലീസ് കമ്മീഷണര്‍ ടി കെ രത്നകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സ്വന്തം വീടായ ഇരിണാവിന് അടുത്തുള്ള പ്രദേശത്തുനിന്നും പി പി ദിവ്യ പൊലീസില്‍ കീഴടങ്ങിയത്. ഇതിനു ശേഷം ഇവരെ വന്‍ സുരക്ഷാക്രമീകരണങ്ങളോടെ പൊലീസ് വാഹന വ്യൂഹത്തില്‍ കണ്ണൂരിലേക്ക് കൊണ്ടുവന്നത്. ഇതിനിടെയില്‍ കണ്ണൂര്‍ തളാപ്പ് റോഡില്‍ നിന്നും കെഎസ്യു പ്രവര്‍ത്തകര്‍ വാഹന വ്യൂഹത്തിനു നേരെ മുദ്രാവാക്യങ്ങളുമായി ചാടിവീണിരുന്നു.
കൊടികളുയര്‍ത്തി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ അവഗണിച്ചു കൊണ്ടു വാഹനവ്യൂഹം അതിവേഗം കടന്നു പോവുകയായിരുന്നു. ഇതിനു ശേഷം ദിവ്യയുടെ അറസ്റ്റു രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുന്ന പൊലീസ് ജീപ്പിന് മുന്പിലേക്കും പി പി ദിവ്യേ മൂരാച്ചിയെന്ന് വിളിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ ചാടി വീണു. ഇവരെ ബലപ്രയോഗത്തിലൂടെ നീക്കിയതിനു ശേഷമാണ് പൊലീസ് വാഹനം ജില്ലാ ആശുപത്രിയിലേക്ക് പോയത്.