മുംബൈ : കച്ചവടക്കപ്പലുകളായ എംവി ചെം പ്ലൂട്ടോയ്ക്കും എംവി സായിബാബയ്ക്കും നേരെ നടന്ന ആക്രമണങ്ങളെ കേന്ദ്രസര്‍ക്കാര്‍ വളരെ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കും. അതിനി കടലില്‍ എത്ര ആഴത്തിലായിരുന്നാലും അതിന് മാറ്റമില്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയര്‍ ഐഎന്‍എസ് ഇംഫാല്‍ കമ്മീഷന് ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 21 ഇന്ത്യന്‍ ക്രൂ അംഗങ്ങളുമായി എംവി ചെം പ്ലൂട്ടോ ശനിയാഴ്ച പോര്‍ബന്തറില്‍ നിന്ന് 217 നോട്ടിക്കല്‍ മൈല്‍ അകലെ ഡ്രോണ്‍ ഇടിക്കുകയായിരുന്നു.
കടല്‍ക്കൊള്ളയും വ്യാപാര കപ്പലുകള്‍ക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണവും നേരിടാന്‍ നാല് ഡിസ്ട്രോയറുകളെ വിന്യസിച്ചിട്ടുണ്ടെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര് ഹരി കുമാര്‍ പറഞ്ഞു. പി 8ഐ വിമാനങ്ങള്‍, ഡോര്‍ണിയേഴ്സ്, സീ ഗാര്‍ഡിയന്‍സ്, ഹെലികോപ്റ്ററുകള്‍, കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ ഇവയെല്ലാം കടല്‍ക്കൊള്ളയുടെയും ഡ്രോണ്‍ ആക്രമണത്തിന്റെയും ഭീഷണിയെ നേരിടാന്‍ സംയുക്തമായി വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.