കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ്സ് ഇന്നും നാളെയുമായി നടക്കും. തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കാനുള്ളത്.
തൃക്കാക്കര നിയോജക മണ്ഡലം നവകേരള സദസ്സാണ് നാളെ ആദ്യം നടക്കുക. വൈകീട്ട് മൂന്നിന് കാക്കനാട് സിവില്‍ സ്റ്റേഷന് പരേഡ് ഗ്രൗണ്ടിലാണ് സദസ്സ് നടക്കുന്നത്. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് പിറവം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ പിറവം മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും. ജനുവരി രണ്ടിന് വൈകീട്ട് മൂന്നിന് തൃപ്പൂണിത്തുറ നിയോജക മണ്ഡലം നവകേരള സദസ്സ് പുതിയകാവ് ക്ഷേത്രമൈതാനിയില്‍ നടക്കും. അന്നേ ദിവസം വൈകീട്ട് അഞ്ചിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മൈതാനിയില്‍ കുന്നത്തുനാട് മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും.
പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാരായ കെബി ഗണേഷ് കുമാറും രാമചന്ദ്രന് കടന്നപ്പള്ളിയും നാലു മണ്ഡലങ്ങളിലെയും നവകേരള സദസ്സില്‍ പങ്കെടുക്കും. തൃക്കാക്കര നവകേരള സദസ്സ് വേദിയില്‍ ബോംബ് വെക്കുമെന്ന് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.