കണ്ണൂര്‍: നവകേരള സദസ് ബുധനാഴ്ച കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങള്‍ പൂര്‍ത്തിയാക്കും. കണ്ണൂര്‍ ജില്ലയിലെ മൂന്നാം ദിന പര്യടനമാണിന്ന്.യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വേദികളില്‍ മുഖ്യമന്ത്രിക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പകല്‍11 ന് കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂര്‍ പൂക്കോം റോഡിലെ വാഗ്ഭടാനന്ദ നഗറില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. ഉച്ചതിരിഞ്ഞ് മൂന്നിന് മട്ടന്നൂര്‍ മണ്ഡലത്തിലെ മട്ടന്നൂര്‍ വിമാനത്താവളം ഒന്നാം ഗേറ്റിന് സമീപവും വൈകുന്നേരം 4.30 ന് പേരാവൂര്‍ മണ്ഡലത്തില്‍ ഇരുട്ടി പയഞ്ചേരിമുക്ക് തവക്കല്‍ മൈതാനത്തിലും പര്യടനം നടക്കും.അതിനിടെ, നവകേരള സദസിനെതിരേ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. തിങ്കളാഴ്ച പഴയങ്ങാടിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തെ തുടര്‍ന്ന് കടുത്ത പ്രതിഷേധമാണ് യുഡിഎഫ് ഉയര്‍ത്തുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി മന്ത്രിമാര്‍ പര്യടനം നടത്തും. ഡിസംബര്‍ 24ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് പരിപാടിയുടെ സമാപനം.