കൊച്ചി: നവകേരള സദസ്സിന്റെ മുന്നോടിയായി പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് സ്കൂളിന്റെ മതിൽ പൊളിച്ചു. നഗരസഭയുടെ എതിർപ്പ് മറികടന്നാണ് മതിൽ പൊളിച്ചത്. ഡിസംബർ 10നാണ് പെരുമ്പാവൂരിൽ നവകേരള സദസ്സ്.
ഇന്ന് പുലർച്ചെയാണ് ജെ.സി.ബി ഉപയോഗിച്ച് സ്കൂളിന്റെ മതിൽ പൊളിച്ചത്. രണ്ടു വഴികളിലായി വേദിയിലേക്കെത്തുന്ന വിധത്തിലാണ് ക്രമീകരണം. ഒന്ന്, പ്രധാന വേദിക്കരികിലേക്കെത്താൻ ബസ് ഉൾപ്പെടെ കടക്കുന്ന പ്രധാന കവാടവും മറ്റൊന്ന് ആളുകൾക്ക് പെട്ടെന്ന് വേദിക്കരികിലെത്താനുള്ള വഴിയുമാണ്. രണ്ടാമത്തെ വഴിക്കായാണ് മതിലിന്റെ ഭാഗം പൊളിച്ചത്.
ഇതുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിൽ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു. ഒരു തരത്തിലും നഗരസഭ മതിൽ പൊളിക്കാൻ അനുവദിക്കില്ലെന്ന് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയടക്കം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതെല്ലാം മറികടന്നാണ് നടപടി. പ്രതിഷേധം മുന്നിൽകണ്ട് പുലർച്ചെ രഹസ്യമായായിരുന്നു മതിൽ പൊളിച്ചത്.രാവിലെ, മതിൽ പൊളിച്ചതിൽ പ്രതിഷേധിച്ച് സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.
അതേസമയം, ഇത് നേരത്തെ തന്നെ പൊളിഞ്ഞുകിടക്കുന്ന മതിലാണെന്നാണ് സംഘാടക സമിതി ചെയർമാനും കേരള കോൺഗ്രസ് നേതാവുമായ ബാബു ജോസഫ് അറിയിച്ചത്. കുട്ടികൾ അക്കാര്യം നേരത്തെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പുതുക്കിപ്പണിയുന്നതിനു മുന്നോടിയായി പിടിഎ ആണ് ഇപ്പോൾ കല്ല് മാറ്റിവച്ചതെന്നും സംഘാടക സമിതി പറയുന്നു.