മലപ്പുറം : നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന നിർദേശം വിവാദമായതോടെ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ രംഗത്ത്. നവകേരള സദസിൽ നിർബന്ധമായും കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡിഇഒ പറഞ്ഞു. നവകേരള സദസ് കുട്ടികൾക്ക് ഒരു അനുഭവമായിരിക്കും. പഠനത്തിന്റെ ഭാഗമായി അവരെ പങ്കെടുപ്പിക്കണമെന്ന നിർദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തത്.
സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുട്ടികളെ കൊണ്ടുപോകാം. അതിന് സ്കൂൾ ബസ് ഉപയോഗിക്കാമെന്നാണ് നിർദേശിച്ചതെന്നും ഡിഇഒ പറയുന്നത്. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാന അധ്യാപകർക്ക് നിർദേശം നൽകിയത്. ഓരോ സ്കൂളില്‍നിന്നും കുറഞ്ഞത് 200 കുട്ടികളെയെങ്കിലും എത്തിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
താനൂര്‍ മണ്ഡലത്തില്‍നിന്ന് 200 ഉം തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളില്‍നിന്ന് കുറഞ്ഞത് 100 കുട്ടികളെ വീതമെങ്കിലും എത്തിക്കണമെന്നാണ് ഡിഇഒ നിര്‍ദേശിച്ചത്. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശമുണ്ട്. പ്രധാന അധ്യാപകര്‍ യോഗത്തില്‍ അതൃപ്തി അറിയിച്ചപ്പോൾ മുകളില്‍നിന്നുള്ള നിര്‍ദേശമാണ് എന്നാണ് ഡിഇഒ മറുപടി നൽകിയതെന്നാണ് റിപ്പോർട്ട്.