തേഞ്ഞിപ്പലം : യുഡിഎഫിന് കേരളം നന്നായി കാണണമെന്നില്ലെന്നും സംസ്ഥാനത്തെ തകർക്കുന്നതിന് വഴിവച്ച നയങ്ങളുടെ ഉടമകളാണ് അവരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ചിന്ത യുഡിഎഫിന് ഇല്ല. നവകേരള സദസ്സ് യുഡിഎഫിന് എതിരായ പരിപാടിയല്ല. പക്ഷേ എന്തുകൊണ്ടോ അവർ ബഹിഷ്കരിച്ചു. അതുകൊണ്ടാണ് അവർ എന്ത് സംഭാവന നൽകി എന്നതിനെക്കുറിച്ച് പറയേണ്ടിവരുന്നത്.
2011-–-16 കാലത്തെ യുഡിഎഫ് സർക്കാർ വലിയ സാമ്പത്തികബാധ്യതയാണ് ഉണ്ടാക്കിയത്. 2011ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽനിന്ന് പോകുമ്പോൾ നികുതിവരുമാന വളർച്ചാനിരക്ക് 23.42 ശതമാനമായിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നതോടെ ഇത് കുത്തനെ താഴേക്കുപോയി. അഞ്ചുമുതൽ ആറു ശതമാനംവരെയായി വളർച്ചാനിരക്ക്. യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്ത് പ്രത്യേകിച്ച് പ്രതിസന്ധിയൊന്നും ഉണ്ടായിരുന്നില്ലെന്നുകൂടി ഓർക്കണം. നികുതി ഇനത്തിൽ സംസ്ഥാനത്തിന് നിശ്ചയിച്ച ലക്ഷ്യം പൂർത്തിയാക്കാൻ യുഡിഎഫ് കാലത്ത് കഴിഞ്ഞില്ല. ഇതോടെ സംസ്ഥാനത്തിന് 6500 കോടി രൂപ വായ്പയെടുക്കാനുള്ള അവകാശംതന്നെ നഷ്ടപ്പെട്ടു. ഖജനാവ് കാലിയാക്കിയശേഷമായിരുന്നു യുഡിഎഫ് ഭരണത്തിൽ നിന്നിറങ്ങിയത്. 173 കോടി രൂപ കമ്മിയായിരുന്നു ഖജനാവിൽ. രണ്ടു വർഷത്തോളം ക്ഷേമ പെൻഷനുകൾ കുടിശ്ശികയായി. കരാറുകാർക്ക് മാസങ്ങളായി പണം നൽകിയിരുന്നില്ല. തുടർന്ന് വന്ന എൽഡിഎഫ് സർക്കാരിന്റെ തലയിൽ 6302 കോടിയുടെ കുടിശ്ശികവച്ചിട്ടാണ് യുഡിഎഫ് ഇറങ്ങിപ്പോയത്.
നവകേരള സദസ്സിനെ ബഹിഷ്കരിക്കുക മാത്രമല്ല, തകർക്കാനുള്ള ശ്രമവും അവർ നടത്തുന്നു. അതിനെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നതിന്റെ തെളിവാണ് സദസ്സിലേക്ക് ഒഴുകിയെത്തുന്ന വൻ ജനാവലി. ഓരോ കേന്ദ്രങ്ങൾ കഴിയുംതോറും കൂടുതൽ ആളുകൾ സദസ്സിലേക്ക് കടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.