മലപ്പുറം : നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യം ചെയ്യാന്‍ വീണ്ടും കുട്ടികളെ റോഡില്‍ ഇറക്കി നിര്‍ത്തി. എടപ്പാള്‍ തുയ്യം ഗവണ്മെന്റ് എല്‍പി സ്കൂളിലെ കുട്ടികളെയാണ് റോഡില്‍ ഇറക്കിനിര്‍ത്തിയത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് മണിവരെയാണ് കുട്ടികള്‍ റോഡില്‍ നിന്നത്.
പൊന്നാനിയില്‍ നിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്നു നവകേരള ബസ്സിന് അഭിവാദ്യം അര്‍പ്പിക്കുന്നതിനായാണ് അമ്പതോളം വിദ്യാര്‍ത്ഥികള്‍ റോഡില്‍ നിന്നത്. അധ്യാപകരും പൊലീസും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു.
കുട്ടികളെ നവകേരളസദസ്സില്‍ പങ്കെടുപ്പിക്കണം എന്നാവശ്യപ്പെട്ട് മലപ്പുറം ഡിഇഒ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം ഉത്തരവുകള്‍ ഇറക്കിക്കൊണ്ട് ഉദ്യോഗസ്ഥര്‍ ആരെയാണ് സന്തോഷിപ്പിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.