ആലപ്പുഴ : ‘നവകേരള ജങ്കാറി’ലൂടെ നവകേരള സദസിന്റെ ആലപ്പുഴ പര്യടനത്തിനു തുടക്കം. കോട്ടയം ജില്ലയിലെ അവസാനകേന്ദ്രമായ വൈക്കം മണ്ഡലത്തിലെ സദസ്സിനു ശേഷം നവകേരള ബസ്, വൈക്കം- തവണക്കടവ് ജങ്കാര്‍ വഴിയാണ് ആലപ്പുഴ ജില്ലയിലേക്കു പോയത്. കാലങ്ങളായി രാഷ്ട്രീയസാംസ്കാരിക യാത്രകള്‍ കായല്‍ കടക്കാന്‍ ജങ്കാര്‍ സര്‍വിസാണ് ആശ്രയിക്കുന്നത്
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സോളര്‍ ബോട്ടില്‍ ഇതിനെ അനുഗമിച്ചു. റെസ്ക്യൂ ബോട്ടും ആദിത്യ ബോട്ടും ഇതിനൊപ്പമുണ്ടായിരുന്നു. നവകേരള ബസ് ജങ്കാറില്‍ കയറ്റുന്നതിന്റെ ട്രയല്‍ റണ്‍ 2 തവണ തവണക്കടവില്‍ നടത്തിയിരുന്നു. കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് കയറ്റിയായിരുന്നു ട്രയല്‍ റണ്‍. ബസില്‍ യാത്രക്കാര്‍ ഇല്ലാതെയും യാത്രക്കാരെ കയറ്റിയും പരീക്ഷിച്ചു.
പരീക്ഷണങ്ങള്‍ വിജയമായിരുന്നു. അതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ വാഹനം കയറ്റാന്‍ തീരുമാനിച്ചത്. റൂട്ട് തീരുമാനിച്ചതോടെ ജങ്കാറിന്റെ നിയന്ത്രണം അധികൃതര്‍ ഏറ്റെടുത്തു. റവന്യു, മോട്ടര്‍വാഹനം, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു ട്രയല്‍ റണ്‍.