തിരുവനന്തപുരം : കുടുംബശ്രീ ഉല്‍പ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും പഴങ്ങളും ഇനി നിങ്ങള്‍ക്ക് തൊട്ടരികില്‍ ലഭ്യമാകും. ‘നേച്ചേഴ്സ് ഫ്രഷ്’ എന്ന പേരിലാണ് കുടുംബശ്രീ കാര്‍ഷിക ഔട്ട്ലെറ്റുകള് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരംഭിച്ച 100 ഔട്ട്ലെറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം വര്‍ക്കലയില്‍ നിർവഹിച്ചതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇപ്പോള്‍ ബ്ളോക്ക് തലത്തില്‍ ആരംഭിച്ച ഔട്ട്ലെറ്റുകള് എല്ലാ പഞ്ചായത്തുകളിലേക്കും സമീപഭാവിയില്‍ വ്യാപിപ്പിക്കും.
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുളള 81,304 കര്‍ഷക സംഘങ്ങളിലായി 3,78,138 വനിതകള്‍ 12,819 ഹെക്ടറില്‍ കൃഷി ചെയ്ത് ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളുമാണ് ഈ കേന്ദ്രങ്ങളില്‍ വില്‍പ്പന നടത്തുക. കൂടാതെ കുടുംബശ്രീ സംരംഭകര്‍ ഉല്‍പ്പാദിപ്പിക്കുന്ന മറ്റുല്‍പ്പന്നങ്ങളും ഇതുവഴി വിറ്റഴിക്കാനാകും.
അതത് സിഡിഎസുകളുടെ നേതൃത്വത്തിലാകും നേച്ചേഴ്സ് ഫ്രഷ് കിയോസ്കുകളുടെ പ്രവര്‍ത്തനം. കുടുംബശ്രീ മിഷന് ഓരോ കിയോസ്കിനും രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഒരു കുടുംബശ്രീ അംഗത്തിന് ഓരോ കിയോസ്കിലും വില്‍പ്പന ചുമതലയുണ്ടായിരിക്കും. ഇവര്‍ക്ക് ഓണറേറിയവും ലാഭത്തിന്റെ വിഹിതവും ലഭിക്കും. ഉല്‍പ്പന്നങ്ങള്‍ക്ക് സ്ഥിര വിപണി ലഭ്യമാകുന്നതോടെ ഉല്‍പ്പാദനവും വിപണനവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.