ന്യൂഡല്‍ഹി : കോണ്‍ഗ്രസ് മുഖപത്രം നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും നോട്ടീസയക്കാന്‍ വിസമ്മതിച്ച് കോടതി. വ്യക്തമായ രേഖകള്‍ നല്‍കാതെ സോണിയയ്ക്കും രാഹുലിനും നോട്ടീസ് അയയ്ക്കാന്‍ പറ്റില്ലെന്നാണ് ഡല്‍ഹി റോസ് അവന്യു കോടതിയുടെ നിലപാട്. ഇഡി സമര്‍പ്പിച്ച കുറ്റപത്രം പരിശോധിച്ച കോടതി വിഷയത്തില്‍ അടിയന്തിരമായി നോട്ടീസ് നല്കാന് സാധിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. കേസ് മെയ് രണ്ടിന് വീണ്ടും പരിഗണിക്കും.
ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി 2012 നവംബറില്‍ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നാഷണല്‍ ഹെറാല്‍ഡ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഇ ഡി നടപടികള്‍ ആരംഭിച്ചത്. ദിനപത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എജെഎല്‍) കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് പുതുതായുണ്ടാക്കിയ ‘യങ് ഇന്ത്യ കമ്പനി’ ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.
കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഒന്നാം പ്രതിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്. ഇവരുള്‍പ്പെടെ ഏഴ് പ്രതികള്‍ക്ക് എതിരെ ഏപ്രില്‍ 15 നാണ് ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇഡി കേസില്‍ ചുമത്തിയിരിക്കുന്നത്. കുറ്റപത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ള പ്രതികള്‍ക്ക് ഇന്ന് നോട്ടീസ് അയയ്ക്കണം എന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട വ്യക്തമായ രേഖകള്‍ ഹാജരാക്കാതെ ബോധ്യം വരാത്ത കാര്യത്തില്‍ നോട്ടീസ് അയയ്ക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. ഹര്‍ജിയിലെ പിഴവുകള്‍ തിരുത്തുകയും കൃത്യമായ രേഖകള്‍ ഹാജരാക്കുകയും ചെയ്യണം. ഇതിന് ശേഷമെ നോട്ടീസ് നല്‍കുന്നത് പരിശോധിക്കാന്‍ കഴിയുകയുള്ളു എന്നാണ് റോസ് അവന്യു ജില്ലാ കോടതി സ്വീകരിച്ചിരിക്കുന്ന നിലപാട്. കോടതിക്ക് മുമ്പാകെ ഒന്നും മറച്ചുവച്ചിട്ടില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചു.