ന്യൂഡൽഹി: കോൺഗ്രസിനെ അരാജകവാദികളെന്നും പരജീവിയെന്നും കുറ്റപ്പെടുത്തി ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദുക്കളുമായി ബന്ധപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആക്ഷേപങ്ങൾക്കു മറുപടിയായി രണ്ടു മണിക്കൂറും 16 മിനിട്ടും നീണ്ട പ്രസംഗം മുഴുവൻസമയവും തടസപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു. കരുത്ത് വീണ്ടെടുത്ത പ്രതിക്ഷത്തിന്റെ ശക്തി പ്രകടനമായി അതു മാറി. പ്രസംഗം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നായിരുന്നു മോദിയുടെ പ്രതികരണം.
മണിപ്പൂർ അംഗത്തിന് സംസാരിക്കാൻ അവസരം വേണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം നിരസിച്ചതോടെയാണ് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി ബഹളം തുടങ്ങിയത്.ഹിന്ദുമത വിശ്വാസികളെക്കുറിച്ച് രാഹുൽ നടത്തിയ പരാമർശങ്ങൾക്ക് ചരിത്രം മാപ്പു നൽകില്ലെന്ന് മോദി പറഞ്ഞു . ക്ഷമാശീലരും ഒതുങ്ങി ജീവിക്കുന്നവരുമായ ഹിന്ദുക്കൾക്കെതിരെ ഗൂഢാലോചനയുണ്ട്. ജാഗരൂകരാകണം. ഹിന്ദുക്കൾ ഹിംസ ചെയ്യുന്നവരാണോ? ഈ ആരോപണം നൂറ്റാണ്ടുകൾ കഴിഞ്ഞാലും മാഞ്ഞുപോകില്ല. ദൈവങ്ങളെ സഭയിൽ പ്രദർശിപ്പിച്ചത് അംഗീകരിക്കാനാകില്ല.
99 മാർക്ക് കിട്ടിയവൻ വിജയാഘോഷം നടത്തുകയാണ്, 543 ലാണ് 99 കിട്ടിയത് അല്ലാതെ നൂറിൽ അല്ലെന്ന് മറന്നുകൊണ്ടാണ് ഈ അഭ്യാസം. മറ്റുള്ളവരുടെ ശരീരം ഭക്ഷിക്കുന്ന പരജീവികളെപ്പോലെ, സഖ്യകക്ഷികളുടെ വോട്ടു തിന്നാണ് കോൺഗ്രസ് ജീവിക്കുന്നത്. ബി.ജെ.പിയുമായി നേരിട്ടെതിർത്ത ഇടങ്ങളിൽ 26 ശതമാനവും സഖ്യകക്ഷികൾക്കൊപ്പം ജൂനിയർ പാർട്ണർ ആയി മത്സരിച്ചപ്പോൾ 50 ശതമാനവുമാണ് അവരുടെ സ്ട്രൈക് റേറ്റ്. 99 ശതമാനം സീറ്റും സഖ്യകക്ഷികളുടെ സഹായത്തോടെ കിട്ടിയതാണ്. ഒറ്റയ്ക്ക് മത്സരിച്ച ഇടങ്ങളിൽ വോട്ടിടിഞ്ഞു.
ഉത്തരേന്ത്യക്കാരെയും ദക്ഷിണേന്ത്യക്കാരെയും തമ്മിലടിപ്പിക്കുന്ന, ഭാഷയുടെ പേരിൽ ഭിന്നിപ്പിക്കുന്ന അരാജകവാദികളാണവർ. യുഗപുരുഷൻമാരെ അപമാനിക്കുന്നു. പാർട്ടി നേതാക്കളായ സീതാറാം കേസരിയെപ്പോലുള്ളവരെ അപമാനിച്ചവർ. ദളിത് അവഗണന കാരണമാണ് അംബേദ്കർ ആദ്യ നെഹ്റു മന്ത്രിസഭയിൽ ചേരാഞ്ഞത്. സംവരണത്തിൽ വെള്ളം ചേർത്ത പാർട്ടിയാണെന്നും കുറ്റപ്പെടുത്തി.
സ്കൂളിൽ അക്രമം കാണിച്ചശേഷം അറിയാത്ത ഭാവത്തിൽ വീട്ടിലെത്തി കരയുന്ന ബാലനെപ്പോലെയാണ് രാഹുലെന്ന് മോദി. സഹതാപം നേടാനുള്ള നാടകമാണ് കഴിഞ്ഞ ദിവസം സഭയിൽ കണ്ടത്. ഒ.ബി.സിക്കാരെ അപമാനിച്ചതിന് കോടതി ശിക്ഷിച്ച ആളാണ്. ചട്ടങ്ങൾ പാലിക്കാതെയുള്ള ബാലബുദ്ധിയുടെ കളി ജനത്തിനറിയാം. ഒരു കഴിവുമില്ലെന്ന് സ്വയം തെളിയിക്കുകയാണ്. ഗൂഢലക്ഷ്യങ്ങളുണ്ടെന്നും മോദി പറഞ്ഞു.
മൂന്നാം വട്ടം മൂന്നുമടങ്ങ് ശക്തിയിലാണ് വന്നതെന്നും അതിനാൽ മൂന്നുമടങ്ങ് മാറ്റം കൊണ്ടുവരുമെന്നും മോദി അവകാശപ്പെട്ടു. കേരളത്തിൽ അക്കൗണ്ട് തുറന്നു. ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചു. ഇവിടെ ബഹളം വയ്ക്കുന്ന പ്രതിപക്ഷം അവിടെത്തന്നെ ഇരിക്കും.മോദിയുടെ പ്രസംഗം തടസപ്പെടുത്തിയത് അപലപിച്ച് സർക്കാർ പ്രമേയം പാസാക്കി. 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം സമാപിച്ചു. രാജ്യസഭ ഇന്നുകൂടിയുണ്ട്. പ്രധാനമന്ത്രി സംസാരിക്കും.രാഹുലിന്റെ പരാമർശങ്ങൾ രേഖകളിൽ നിന്ന് സ്പീക്കർ നീക്കം ചെയ്തു.