ന്യൂഡൽഹി: സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിന് ഉചിതമായ മറുപടി നൽകണമെന്ന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വസ്തുതകൾ നിരത്തി സനാതന ധർമത്തിനെതിരായ പ്രചാരണങ്ങളെ ചെറുക്കാനാണ് പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്.
ചരിത്രത്തിലേക്കു പോകേണ്ടതില്ല. ഭരണഘടന പ്രകാരമുള്ള വസ്തുതകളിൽ ഉറച്ചു നിൽക്കുക. വിഷയത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചും സംസാരിക്കണം’ – പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പേര് ഭാരത് എന്നു മാറ്റുന്നുവെന്ന പ്രചാരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രിമാർ മറുപടി നൽകേണ്ടതില്ലെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഉത്തരവാദപ്പെട്ടവർ മാത്രമേ ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടതുള്ളൂവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ എം.കെ.സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവന രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. ചെന്നൈയിൽ റൈറ്റേഴ്സ് ഫോറത്തിന്റെ പരിപാടിയിലാണ് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് വിവാദ പരാമർശമുന്നയിച്ചത്. സനാതന ധർമം മലേറിയയും ഡെങ്കിയും പോലെയാണെന്നും സമൂഹത്തിൽനിന്ന് തുടച്ചു നീക്കണമെന്നും ഉദയനിധി പറഞ്ഞു. ബിജെപി നേതാക്കളുൾപ്പെടെ നിരവധിപ്പേർ ഇതിൽ പ്രതിഷേധിച്ച് രംഗത്തു വന്നെങ്കിലും, പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായും മാപ്പു പറയുന്ന പ്രശ്നമില്ലെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.