വർക്കല : ഇന്ത്യയുടെ നവോത്ഥാനത്തിന്റെ മാർഗ്ഗദർശിയായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. വിവേചനങ്ങൾക്കതീതമായ ഇന്ത്യയെ അദ്ദേഹം സ്വപ്നം കണ്ടിരുന്നു.വർക്കല നാരായണ ഗുരുകുലത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷം ബ്രഹ്മവിദ്യാ മന്ദിരം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാംനാഥ് കോവിന്ദ്.
പൗരാണിക കാലത്ത് തത്വചിന്തകരായ സന്യാസിമാരുടെയും ആത്മീയ സാക്ഷാത്കാരത്തിന്റെയും നാടായിരുന്നു ഭാരതം. സാമുദായികമായ അടിച്ചമർത്തലിനും ആർഭാടത്തിനുമെതിരെ നിലകൊണ്ട ഗൗതമ ബുദ്ധന്റെയും മഹാവീരന്റെയും നാടാണ്. സംസ്കാരത്തിലും ഭാഷയിലും ആചാരങ്ങളിലും ഏറെ വൈവിദ്ധ്യങ്ങളുള്ള നാട്. തത്വചിന്ത, ആത്മീയത തുടങ്ങിയ മേഖലയിലും ഈ വൈവിദ്ധ്യം പ്രകടമാണ്.അദ്വൈത സിദ്ധാന്തത്തിന് ശ്രീനാരായണ ഗുരുദേവൻ വിപുലമായ പ്രചാരണം നൽകി. കേരളത്തിലെ കേന്ദ്ര സർവ്വകലാശാലയിൽ 2021-ൽ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിയെന്ന നിലയിൽ താനെത്തിയപ്പോൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഗുരുദേവന്റെ വാക്കുകളാണ് ഉദ്ധരിച്ചത്. വിദ്യാഭ്യാസം വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനും ശാക്തീകരണത്തിനും കാരണമാകുമെന്ന് ഗുരു പറഞ്ഞിരുന്നു.
എക്കാലവും നിലനിൽക്കുന്ന സമൂഹിക പരിഷ്കാരങ്ങളുടെ പാരമ്പര്യം ഗുരുദേവൻ നമുക്ക് നൽകിയിട്ടുണ്ട്. അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും. അതിന്റെ പ്രതിദ്ധ്വനി ഇന്നും കേരളത്തിൽ മുഴങ്ങുന്നുണ്ട്. ജാതി, ലിംഗ വിവേചനങ്ങൾക്കും അസ്പൃശ്യതയ്ക്കുമെതിരെ ഗുരുദേവൻ നടത്തിയ പോരാട്ടങ്ങൾ ഇപ്പോഴത്തെ തലമുറയെയും പ്രചോദിപ്പിക്കുന്നതാണ്. വിവേചനങ്ങൾക്കെതിരെ അദ്ദേഹം നടത്തിയ സന്ധിയില്ലാത്ത സമരങ്ങളിലെ ഒരു വഴിത്തിരിവായിരുന്നു വൈക്കം സത്യഗ്രഹം. ഇത് ക്ഷേത്ര പ്രവേശനത്തിന് വഴി തെളിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവമെന്ന ഗുരുവചനം മാനവരാശിയുടെ ഏകത്വത്തെക്കുറിച്ചുള്ള ദർശനമാണ്. ഗുരുദേവൻ അരുൾ ചെയ്ത വിദ്യാഭ്യാസ പരിവർത്തന ശക്തിയുടെ ഉദാഹരണമായ നാരായണ ഗുരുകുലം ഒരു നൂറ്റാണ്ടിനു ശേഷവും കർമ്മത്താൽ സജീവമാണ്- രാംനാഥ് കോവിന്ദ് പറഞ്ഞു.
ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു. നാരായണ ഗുരുകുലം ഗുരു മുനിനാരായണ പ്രസാദ് ആമുഖ പ്രഭാഷണവും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തി. അടൂർ പ്രകാശ് എം.പി, വി.ജോയ് എം.എൽ.എ എന്നിവർ പ്രസംഗിച്ചു. ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.പി.കെ.സാബു സ്വാഗതം പറഞ്ഞു.