ശ്രീലങ്കന്‍ പുനരധിവാസ ക്യാമ്പില്‍ നിന്നും വോട്ടു ചെയ്യുന്ന ആദ്യ വോട്ടറായി നളൈനി കിരുബാകരന്‍. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ചരിത്രത്തിലെ ആദ്യസംഭവമാണ് ഇത്. ട്രിച്ചി കോട്ടപ്പാട്ടിലുള്ള ശ്രീലങ്കന്‍ തമിഴരുടെ പുനരധിവാസ ക്യാമ്പില്‍ നിന്നാണ് നളൈനി വോട്ടുചെയ്യാനെത്തിയത്. മദ്രാസ് ഹൈക്കോടതിയുടെ
ഇടപെടലിനെ തുടര്‍ന്നാണ് നളൈനിക്ക് വോട്ടുചെയ്യാനുള്ള അവസരം ഒരുങ്ങിയത്.
1986ല്‍ രാമേശ്വരം മണ്ഡപം ക്യാമ്പിലെ അഭയാര്‍ഥി കേന്ദ്രത്തില്‍ ജനിച്ചതാണ് നളൈനി. 2021-ല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിനുള്ള അപേക്ഷ പ്രാദേശിക പാസ്പോര്‍ട്ട് ഓഫീസ് നിരസിച്ചപ്പോള്‍ നളൈനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.ജനന സര്‍ട്ടിഫിക്കറ്റ് മണ്ഡപത്തില്‍ നിന്നാണെന്നും 1950 ജനുവരി 26നും 1987 ജൂലൈ ഒന്നിനും ഇടയില്‍ ഇന്ത്യയില്‍ ജനിച്ച വ്യക്തിയാണെന്നും ചൂണ്ടിക്കാട്ടി നളൈനിക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് നല്കാന് 2022 ഓഗസ്റ്റില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
1995 ലെ പൗരത്വ നിയമത്തിന്റെ സെക്ഷന്‍ 3 പ്രകാരം ജന്മം കൊണ്ട് നളൈനി ഇന്ത്യന്‍ പൗരനാണെന്നാണ് കോടതി കണ്ടെത്തിയത്. കുടുംബം അഭയാര്‍ത്ഥി ക്യാമ്പില്‍ തുടരുന്നതിനാല്‍ നളൈനിയും ക്യാമ്പില്‍ തന്നെയാണ് നിലവിലുള്ളത്. പാസ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നളൈനി വോട്ടര്‍ ഐഡി കാര്‍ഡിന് അപേക്ഷിക്കുകയും 2024 ജനുവരിയില്‍ അത് ലഭിക്കുകയും ചെയ്തു. എംഎം മിഡില്‍ സ്കൂളിലാണ് നളൈനി വോട്ട് രേഖപ്പെടുത്തിയത്.